
തിരൂര്‍: ലോഡ്ജില്‍ മുറി വാടകക്കെടുത്ത് ടെലിവിഷൻ മോഷ്ട്ടിക്കുന്നത് പതിവാക്കിയ മോഷ്ട്ടാവിനെ മലപ്പുറം തിരൂരിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ടെലിവിഷൻ മോഷ്ട്ടിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഇയാള്‍ കോയന്പത്തൂർ പൊലീസിന്‍റെ പിടിയിലാത്.
പാലക്കാട് കോങ്ങാട് സ്വദേശി ശിവകുമാറിനെയാണ് കോയമ്പത്തൂര്‍ പൊലീസ് തിരൂരിലെത്തിച്ച് തെളിവെടുത്തത്.തിരൂരിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് അവിടുത്തെ ടെലിവിഷൻ മോഷ്ട്ടിച്ച കേസിലും ശിവകുമാര്‍ പ്രതിയാണ്. ടെലിവിഷൻ കൊണ്ടുപോകുന്ന ദ്യശ്യങ്ങള്‍ ലോഡ്ജിലെ സിസിടിവി ക്യാമറയില് പതിഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് ശിവകുമാറിനെ കണ്ടെത്താൻ തിരൂര്‍ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കോയമ്പൂരില്‍ ടെലിവിഷൻ മോഷ്ട്ടിക്കുന്നതിനിടെ തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. തിരൂരിനു പുറമേ എടക്കരയിലും പന്തളത്തുമടക്കം കേരളത്തില്‍ ശിവകുമാറിനെതിരെ നിരവധി ടെലിവിഷൻ മോഷണക്കേസുകളുണ്ട്. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
മോഷ്ട്ടിച്ചെടുക്കുന്ന ടെലിവിഷൻ വില്‍ക്കുന്നതിനൊപ്പം അറ്റകുറ്റപണികള്‍ക്കെന്ന പേരില് റിപ്പയറിങ് കടകളില്‍ കൊടുക്കുന്നതും ഇയാളുടെ രീതിയാണ്. പിന്നീട് വീട്ടുകാര്‍ക്ക് അസുഖമെന്നൊക്കെ പറഞ്ഞ് ഈ കട ഉടമകളില്‍ നിന്ന് പണം കടമായി വാങ്ങും. ടെലിവിഷൻ തിരിച്ചുകൊണ്ടുപോകുമ്പോള്‍ മടക്കി നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങാറുള്ളതെങ്കിലും പിന്നീട് അവിടേക്ക് ചെല്ലാറില്ല. ഇത്തരത്തിലുള്ള നിരവധി പരാതികളും ശിവകുമാറിനെതിരെ പൊലീസിന് കിട്ടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam