ഇലക്ട്രിക് ബസ്സുകളിലേക്ക് മാറാൻ കെഎസ്ആർടിസി; ആദ്യഘട്ടമായി നാളെ പത്ത് സ‍ർവ്വീസുകൾ തുടങ്ങും

By Web TeamFirst Published Feb 24, 2019, 1:17 PM IST
Highlights

തിരുവനന്തപുരം നഗരത്തില്‍  കെഎസ്ആര്‍ടിസിയുടെ 104 ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. ബജറ്റ് പ്രഖ്യാപനം പൂര്‍ണ്ണമായി നടപ്പിലായാല്‍ രാജ്യത്തെ ആദ്യസമ്പൂര്‍ണ്ണ പരിസ്ഥിതി സൗഹൃദ ഗതാഗത നഗരമായി തിരുവനന്തപുരം മാറും

തിരുവനന്തപുരം: കെഎസ്ആ‍ർടിസി ഇലക്ട്രിക് ബസ്സുകളിലേക്ക് മാറുന്നു. ആദ്യഘട്ടമെന്ന നിലയില്‍  നാളെ മുതല്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കും. ഇതിന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമുണ്ടാകില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് 2020ഓടെ ആയിരം ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുമെന്ന് വിഭാവനം ചെയ്തിട്ടുണ്ട്.ആദ്യപടിയായി തിരുവനന്തപുരം നഗരത്തിലെ എല്ലാ കെഎസ്ആര്‍ടിസി സര്‍വ്വീസുകളും ഇലക്ട്രിക്  ബസ്സിലേക്ക്  മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്  ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തുമായാണ് പത്ത് ഇലക്ട്രിക് ബസ്സുകൾ നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങുന്നത്.

തിരുവനന്തപുരം നഗരത്തിലും എറണാകുളത്തും നിശ്ചിത റൂട്ടുകളില്‍  ഇലക്ട്രിക് ബസ്സ് സര്‍വ്വീസുണ്ടാകും. മുംബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയാണ് കാരാറെടുത്തിരിക്കുന്നത്. കിലോമീറ്ററിന് 43.20 രൂപയാണ് വാടക. വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്‍കും. 

ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്പ-നിലക്കല്‍ സര്‍വ്വീസ് തെളിയിച്ചിരുന്നു. ഒരു കിലോമീററ്ററിന് 50.05 രൂപയാണ് ശബരിമല സര്‍വ്വീസിന് ചെലവ് വന്നത്. 110 രൂപ ശരാശരി വരുമാനം കിട്ടി. തിരുവനന്തപുരം നഗരത്തില്‍  കെഎസ്ആര്‍ടിസിയുടെ 104 ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. ബജറ്റ് പ്രഖ്യാപനം പൂര്‍ണ്ണമായി നടപ്പിലായാല്‍ രാജ്യത്തെ ആദ്യസമ്പൂര്‍ണ്ണ പരിസ്ഥിതി സൗഹൃദ ഗതാഗത നഗരമായി തിരുവനന്തപുരം മാറും.
 

click me!