എല്ലാവരോടും നന്ദിയെന്ന് കെ.കൃഷ്ണൻകുട്ടി; മാത്യു ടി.തോമസിന്‍റെ സഹകരണം പ്രതീക്ഷിക്കുന്നു

By Web TeamFirst Published Nov 23, 2018, 4:38 PM IST
Highlights

മന്ത്രിസ്ഥാനലബ്‍ധിയിൽ സന്തോഷമെന്ന് കെ.കൃഷ്ണൻകുട്ടി. മാത്യു ടി.തോമസിന്‍റെ സഹകരണം പ്രതീക്ഷിക്കുന്നെന്നും കൃഷ്ണൻകുട്ടിയുടെ പ്രതികരണം.

ബെംഗലുരു: മന്ത്രിസ്ഥാനം തനിയ്ക്ക് നൽകാൻ തീരുമാനിച്ച കേന്ദ്രനേതൃത്വത്തോട് നന്ദിയുണ്ടെന്ന് നിയുക്തമന്ത്രി കെ.കൃഷ്ണൻകുട്ടി. തന്‍റെ കൂടെ നിന്ന സി.കെ.നാണുവിനും നന്ദിയുണ്ടെന്നും കെ.കൃഷ്ണൻകുട്ടി ബെംഗലുരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.

മാത്യു.ടി.തോമസിനെ വ്യക്തിപരമായി താൻ അധിക്ഷേപിച്ചിട്ടില്ലെന്നും കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സത്യപ്രതിജ്ഞ എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗികമായി ജെഡിഎസ് നേതൃത്വം കത്ത് നൽകിയാൽ അദ്ദേഹമാണ് സത്യപ്രതിജ്ഞാദിവസം നിശ്ചയിക്കുകയെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

മാത്യു ടി.തോമസുമായി അഭിപ്രായവ്യത്യാസങ്ങളില്ലെന്നും മന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്‍റെ സഹായസഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. 

എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ ജെഡിഎസ് കേന്ദ്രനേതൃത്വം നിർദേശിച്ചതിലെ അതൃപ്തി മറച്ചുവയ്ക്കാതെയാണ് മന്ത്രി മാത്യു ടി. തോമസ് പ്രതികരിച്ചത്. ദേശീയനേതൃത്വത്തിന്‍റെ തീരുമാനം അറിഞ്ഞിട്ടില്ലെന്നും അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മാത്യു ടി.തോമസ് വ്യക്തമാക്കി. 

click me!