
പത്തനംതിട്ട: ശബരിമലയിൽ രക്തം ഇറ്റിച്ച് നട അടപ്പിയ്ക്കാൻ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ അയ്യപ്പധർമ്മസേന പ്രസിഡന്‍റ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം. വിശ്വാസത്തിന്‍റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്‍റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്‍റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടർച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയുന്നു.
സന്നിധാനത്തിന്‍റെ ശുദ്ധി കളങ്കപ്പെടുത്താനുള്ള അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ലെന്നും തന്ത്രികുടുംബം വ്യക്തമാക്കുന്നു. ദേവസ്വംബോർഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം. അങ്ങനെയാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും.
പത്തനംതിട്ടയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണെന്ന് വാർത്താക്കുറിപ്പ് പറയുന്നു. 'തെറ്റിദ്ധാരണ മൂലമാകാം മുഖ്യമന്ത്രി ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങൾ വിചാരിക്കുന്നു. സർക്കാരുമായോ ദേവസ്വംബോർഡുമായോ യാതൊരു വിയോജിപ്പുമില്ല. ഭക്തജനങ്ങളുടെ ഐശ്വര്യമാണ് ഞങ്ങളുടെ ലക്ഷ്യം. സന്നിധാനം സമാധാനത്തിന്‍റെയും ഭക്തിയുടെയും സ്ഥാനമായി നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാൻ പാടില്ല.' അയ്യപ്പസന്നിധിയുടെ മഹത്വം കാത്തുസൂക്ഷിയ്ക്കാൻ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയുമാണ് വേണ്ടതെന്നും വാർത്താക്കുറിപ്പ് പറയുന്നു.
ശബരിമലയിൽ രക്തമിറ്റിയ്ക്കാൻ 'പ്ലാൻ ബി' ആസൂത്രണം ചെയ്തിരുന്നെന്ന പരാമർശത്തിന്‍റെ പേരിൽ രാഹുൽ ഈശ്വർ അറസ്റ്റിലാണിപ്പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam