'ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍'; അനുപം ഖേറിനെതിരെ കേസ്

By Web TeamFirst Published Jan 3, 2019, 1:03 PM IST
Highlights

ചിത്രം പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായ തകർക്കുന്നെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ പരാതിയിൽ മേലാണ് കോടതി കേസെടുത്തിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ, സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയും സുധീർ‌ പരാതി നൽകിയിട്ടുണ്ട്.  

പട്ന: ബോളിവുഡ് നടൻ അനുപം ഖേറിനെതിരെ കേസ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം 'ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്ററി'ൽ അഭിനയിച്ചതിനെ തുടർന്നാണ് കേസ്. ചിത്രം പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായ തകർക്കുന്നെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജ നൽകിയ പരാതിയിൽ മേലാണ് കോടതി കേസെടുത്തിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ, സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയും സുധീർ‌ പരാതി നൽകിയിട്ടുണ്ട്.  

ബീഹാറിലെ മുസാഫർപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയ്ക്ക് മുമ്പാകെയാണ് സുധീർ പരാതി നൽകിയത്. ജനുവരി എട്ടിന് സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസിൽ വാദം കേൾക്കും. ഈ ചിത്രം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരുവിന്റെയും പ്രതിച്ഛായ തകർക്കുന്നുണ്ടെന്ന് സുധീർ പരാതിയിൽ ആരോപിക്കുന്നു. കൂടാതെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും സിനിമ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് സുധീറിന്റെ വാദം. അത് തന്നെയും മറ്റ് പലരേയും വേദനിപ്പിക്കുന്നുണ്ടെന്നും സുധീർ പറയുന്നു. ചിത്രത്തിൽ അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിങ് എന്നാണ്  ഈ പുസ്തകത്തിന്റെ പേര്. വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മൻമോഹൻ സിങ്ങിന് പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്. 

click me!