ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി

By Web TeamFirst Published Jan 9, 2019, 5:53 PM IST
Highlights

ദില്ലി സ്വദേശിയായ ഫാഷൻ ഡിസൈനര്‍ പൂജ മഹജൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി കാമേശ്വർ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതകഥ പറുയന്ന ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ദില്ലി കോടതി തള്ളി. ദില്ലി സ്വദേശിയായ ഫാഷൻ ഡിസൈനര്‍ പൂജ മഹജൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി കാമേശ്വർ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. അതേസമയം ദില്ലി ഹൈക്കോടതി വിധിക്കെതിരെ ഹർജിക്കാരി സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാൻ സിനിമയ്ക്ക്  ഒരു അവകാശവുമില്ലെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യൻ പീനല്‍ കോഡ് 416 വകുപ്പ് ലംഘിക്കുന്നതാണ് ട്രെയിലറെന്നും ഗൂഗിള്‍, യൂട്യൂബ് തുടങ്ങിയവയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനോട് നിര്‍ദ്ദേശിക്കണമെന്നും പരാതിയില്‍ പറയുന്നു. 

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്നാണ്  ഈ പുസ്തകത്തിന്റെ പേര്. 

വിജയ് രത്നാകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മൻമോഹൻ സിംഗിന് പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുൻ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മൻ നടി സുസൻ ബെര്‍‌നെര്‍ട് ആണ്. 

click me!