സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ചത് അപലപനീയമെന്ന് അതിരൂപത

By Web TeamFirst Published Jan 20, 2019, 7:46 PM IST
Highlights

സിറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും ഞായറാഴ്ച കുര്‍ബാനയുള്ള സ്ഥാപനങ്ങളിലും ജനുവരി 20നു വായിക്കാനായി നല്‍കിയ  മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലറാണ് കത്തിച്ചത്

കൊച്ചി: സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ചത് അപലപനീയമെന്ന് അതിരൂപത വക്താവ് റവ.ഡോ. പോള്‍ കരേടന്‍. പ്രകോപനപരമായ ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സിറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും ഞായറാഴ്ച കുര്‍ബാനയുള്ള സ്ഥാപനങ്ങളിലും ജനുവരി 20നു വായിക്കാനായി നല്‍കിയ  മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലറാണ് കത്തിച്ചത്. എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിനു സമീപത്ത് വച്ച് ഏതാനും ചിലര്‍ ചേര്‍ന്ന് സര്‍ക്കുലര്‍ കത്തിക്കുകയായിരുന്നു. 

വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നറിയിപ്പുമായാണ് സിനഡ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. സിറോ മലബാർ സഭയെ പ്രതിസ്ഥാനത്ത് നിർത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്. വൈദികർക്കും സന്യസ്തർക്കും കൂച്ചു വിലങ്ങിടുന്ന മാർഗ രേഖ തയ്യാറാക്കാനും സിനഡില്‍ തീരുമാനമായിരുന്നു.  

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കന്യാസ്ത്രീകൾ അച്ചടക്ക നടപടി നേരിട്ടതിനു തൊട്ടു പിന്നാലെയാണ് വിഷയത്തിൽ സഭ നിലപാട് വ്യക്തമാക്കിയത്. 'സമീപ കാലത്തെ സമരങ്ങളും പ്രതിഷേധങ്ങളും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചു. ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കയ്യിലെ പാവകളായി. അച്ചടക്ക ലംഘനം നടത്തുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും' ; സിനഡ് വിശദമാക്കി. 

വിശദീകരണം തൃപ്തികരമല്ലെങ്കിൽ ശിക്ഷണ നടപടി സ്വീകരിക്കാനും സിനഡ് ശുപാർശ ചെയ്യുന്നു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്കെതിരെയും സിനഡിന്റെ താക്കീതുണ്ടായിരുന്നു. രൂപത അധ്യക്ഷന്‍റെയോ മേജർ സുപ്പീരിയറുടെയോ അനുമതിയില്ലാതെ ചർച്ചകളിൽ പങ്കെടുക്കുകയോ അഭിമുഖം നൽകുകയോ പാടില്ലെന്നാണ് മുന്നറിയിപ്പ്.
 

click me!