
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ സമ്മേളനം ആരംഭിച്ച് പതിനഞ്ച് മിനിറ്റിനുള്ളില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷം സഭ തടസപ്പെടുത്തിയിരുന്നു. ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമലയിലെ അടിസ്ഥാന സൗകര്യമില്ലായ്മ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർ മുൻവിധിയോടെ കാര്യങ്ങൾ ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം അംഗീകരിച്ചില്ല. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധം തുടരുകയായിരുന്നു.
അടിയന്തര പ്രമേയ നോട്ടീസിൽ പുതുതായി ഒന്നുമില്ലെന്നും ചോദ്യോത്തര വേളയോട് പ്രതിപക്ഷം സഹകരിക്കണണെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. എട്ട് മണിക്കൂറോളം ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്തെന്നും സ്പീക്കര്‍ പറഞ്ഞു. കേരളം മഹാപ്രളയത്തില്‍പ്പെട്ടപ്പോള്‍ സംരക്ഷിക്കാനെത്തിയ സൈന്യത്തിന് കേന്ദ്രം കൂലി ചോദിച്ചതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നമ്മുക്ക് മുന്നിലുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
സര്‍ക്കാറിന് സര്‍ക്കാറിന്‍റെ നിലപാടുകള്‍ സഭയ്ക്ക് പുറത്ത് പറയേണ്ടതുണ്ടെന്നും അത് തടസ്സപ്പെടുത്താന്‍ സഭയ്ക്ക് കഴിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിങ്ങള്‍ കുട്ടികളേ പോലെ പെരുമാറരുതെന്നും ഗൗരവമേറിയ പലകാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ചര്‍ച്ച തടസപ്പെടുകയും സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിക്കുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam