
ബാലാകോട്ട്: പാക് അധീനകശ്മീരിലല്ല പാകിസ്ഥാനിൽത്തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി. പാകിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്‍വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്. മുന്നൂറോളം പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ആസ്ഥാനമാണ് ഇന്ത്യ ആക്രമിച്ച് തകർത്തിരിക്കുന്നത്.
കാർഗിൽ യുദ്ധകാലത്ത് പോലും പാകിസ്ഥാന്‍റെ ഇത്രയും അകത്തേയ്ക്ക് ആക്രമണം നടത്താൻ ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പാകിസ്ഥാന്‍റെ ഉള്ളിലേക്ക് ചെന്നാണ് ആക്രമണം നടത്തിയിരിക്കുന്നത്.
ചകൗട്ടി, മുസഫറാബാദ്, ബാലാകോട്ട് എന്നിവിടങ്ങളിലെ ജയ്ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കൽ കോർഡിനേറ്റുകൾ കൃത്യമായി കണ്ടെത്തിയാണ് ആക്രമണം നടത്തിയത്.
മുസഫറാബാദ് മേഖലയിൽ ആക്രമണം നടന്നതായി പാക് സൈന്യവും സ്ഥിരീകരിക്കുന്നു. പാക് മേജർ ജനറൽ ആസിഫ് ഗഫൂർ ആണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.
എന്നാൽ നാശനഷ്ടങ്ങളോ മരണമോ ഇല്ലെന്നാണ് പാകിസ്ഥാൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ജയ്ഷെ ക്യാംപിലെ തീവ്രവാദികൾ കൊല്ലപ്പെട്ടു എന്ന് തന്നെ വ്യക്തമാക്കുന്ന അനൗദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ എത്ര പേർ മരിച്ചു എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam