
തൃശ്ശൂര്‍: ഇന്നലെ അന്തരിച്ച സി പി എം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം സ്വദേശമായ എറണാകുളത്തേക്ക് കൊണ്ടുപോയി. ബ്രിട്ടോയുടെ ഭാര്യയുടെ ബന്ധുക്കൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി.
എറണാകുളത്തേയും തൃശ്ശൂരിലെയും സിപി എം നേതാക്കൾ വാഹനത്തെ അനുഗമിക്കുന്നുണ്ട്. രാത്രി 10 മണിയോടെ മൃതദേഹം സൈമൺ ബ്രിട്ടോയുടെ വടുതല യിലെ വസതിയിൽ എത്തിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ബ്രിട്ടോയുടെ അന്ത്യം. 64 വയസ്സായിരുന്നു. പുസ്തക രചനയുമായി ബന്ധപ്പെട്ട് ബ്രിട്ടോ തൃശൂരിലായിരുന്നു. ഒരു പൊതുവേദിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽചെയറിയിലാണു പൊതുപ്രവർത്തനം നടത്തിയത്.
എസ്എഫ്ഐ കാമ്പസുകളിൽ പ്രചാരം തുടങ്ങിയ എഴുപതുകളിൽ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. എസ്എഫ്ഐ സംസ്ഥാന നേതാവായിരിക്കെ 1983ല്‍ ആക്രമണത്തിന് ഇരയായി. ആക്രമണത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നതിന് ശേഷവും സൈമണ്‍ ബ്രിട്ടോ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.
എറണാകുളം വടുതലയിൽ നിക്കോളാസ് റോഡ്രിഗസിന്‍റെയും ഐറിൻ റോഡ്രിഗസിന്‍റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. വിദ്യാഭ്യാസം എറണാകുളം സെന്‍റ് ആൽബർട്‌സ് കോളജിലും ബീഹാറിലെ മിഥില സർവ്വകലാശാലയിലുമായിരുന്നു.
ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്കറിന്‍റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീട് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായി. മകൾ: കയനില.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam