കായംകുളത്ത് ചുഴലിക്കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടം

By Web DeskFirst Published Jun 8, 2018, 10:57 PM IST
Highlights
  • ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയുണ്ടായ ചുഴലിക്കാറ്റിലും മഴയിലും പെട്ട് വന്‍ നാശനഷ്ടമുണ്ടായത്. 

കായംകുളം: ചുഴലിക്കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. നഗരത്തിന് കിഴക്കും കൃഷ്ണപുരം പഞ്ചായത്തില്‍ പുള്ളിക്കണക്ക്, സൗത്ത് മങ്കുഴി പ്രദേശങ്ങളിലുമാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയുണ്ടായ ചുഴലിക്കാറ്റിലും മഴയിലും പെട്ട് വന്‍ നാശനഷ്ടമുണ്ടായത്. 

പുള്ളിക്കണക്ക് മുല്ലോലില്‍ മുരളീധരന്റെ വീടിന്റെ മതിലും അഞ്ച് വൈദ്യുതി പോസ്റ്റും ആഞ്ഞിലിമരം വീണ് തകര്‍ന്നു. മരോട്ടിമുട്ടില്‍ ബാലകൃഷ്ണന്റെ പറമ്പിലെ അനേകം മരങ്ങള്‍ കാറ്റില്‍പ്പെട്ട് പിഴുതു വീണു. അഞ്ചുതെങ്ങുകള്‍, രണ്ടു മാവ്, ആഞ്ഞിലി, മഹാഗണി മരങ്ങളും കടപുഴകി വീണു. അനേകം വാഴകളും ഒടിഞ്ഞു വീണ് വന്‍ നാശനഷ്ടം ഉണ്ടായി.  വള്ളുകപ്പള്ളി പടീറ്റതില്‍ രോഹിണിയുടെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണു. മരം വീണ് വീടു തകരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

പുള്ളിക്കണക്ക് എസ്എന്‍ഡിപി ശാഖാ യോഗമന്ദിരത്തിനു സമീപം നിന്ന പ്ലാവ്, പെരുമരം എന്നിവ കടപുഴകി വീണു. മരത്തിന്റെ ചില്ലകള്‍ തട്ടി ശാഖാ യോഗമന്ദിരത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു. ഇതിനു പടിഞ്ഞാറ് തോട്ടുകടവത്ത് സുജാതയുടെ വീട്ടിലെ ആഞ്ഞിലിമരം, ബിജു ഭവനില്‍ ശിവദാസന്റെ പ്ലാവ് എന്നിവ വീണ് റോഡില്‍ ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്. 

ഗുരുമന്ദിരത്തിനുപടിഞ്ഞാറുവശത്ത് മഞ്ചാടി മരം റോഡിലേക്കു വീണു തെക്കേ മങ്കുഴിയില്‍ മരം വീണ് രണ്ട് 11 കെ വി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. കൊപ്രാ പ്പുരയ്ക്ക് സമീപവും മരം വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായി. ശക്തമായ ചുഴലിക്കാറ്റും മരങ്ങള്‍ വീഴുന്ന ശബ്ദവും കേട്ട് ഭയന്ന് പല വീട്ടുകാരും വീട്ടില്‍ നിന്നിറങ്ങിയോടി. പുള്ളിക്കണക്ക്, തെക്കേമങ്കുഴി പ്രദേശങ്ങളിലെല്ലാം വൈദ്യുതി ബന്ധവും തകരാറിലായി. റവന്യൂ അധികൃതര്‍ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. പുലര്‍ച്ചെ റോഡുകളില്‍ മരങ്ങള്‍ വീണെങ്കിലും യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തങ്ങള്‍ ഒഴിവായി.

click me!