Latest Videos

ഹിന്ദുസംഘടന നേതാവിന്‍റെ വീട്ടിൽ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു

By Web TeamFirst Published Aug 11, 2018, 12:07 AM IST
Highlights

നരേന്ദ്ര ദാബോല്‍ക്കര്‍ വധത്തിലും എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധവുമായി ബന്ധപ്പെട്ടും അറസ്റ്റിലായത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ്
 

മുംബെെ:  ഹിന്ദുസംഘടന നേതാവിന്‍റെ വീട്ടിൽ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി. സനാതന്‍ സന്‍സ്ത നേതാവ് വൈഭവ് റാവത്തിന്‍റെ വീട്ടിൽ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സഫോടക വസ്തുകൾ കണ്ടെത്തിയത്. വൈഭവ് റാവത്തിനെ അറസ്റ്റുചെയ്തു. മുംബൈ നലസോപരയിലുള്ള റൗത്തിന്‍റെ വീട്ടിൽ വൻ ആയുധശേഖരമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ പരിശോധന.  

ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നാണ് സൂചന. ഇവ പരിശോധനകള്‍ക്കായി മുംബൈയിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. അറസ്റ്റിലായ വൈഭവ് റൗത്തിനെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിനെ കുറിച്ചുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ, റൗത്ത് സനാതന്‍ സന്‍സ്തയുടെ സജീവ പ്രവര്‍ത്തകനല്ലെന്ന വിശദീകരണവുമായി സംഘടന രംഗത്തെത്തി.

സ്ഫോടക വസ്തുക്കൾ പിടികൂടിയെന്ന വാർത്ത തെറ്റാണെന്നും സംഘടനയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനലിക്കര്‍ പറഞ്ഞു. 1999ൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ തീവ്ര ഹിന്ദു സംഘടനകളിൽ ഒന്നാണ് സനാതന്‍ സന്‍സ്ത. 2007ലും 2009ലും സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരെ വാഷി, താനെ ഗോവ എന്നിവിടങ്ങളിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. നരേന്ദ്ര ദാബോല്‍ക്കര്‍ വധത്തിലും എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധവുമായി ബന്ധപ്പെട്ടും അറസ്റ്റിലായത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരാണ്. 

click me!