ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കും; എംപിമാര്‍ക്ക് ബില്ല് വിതരണം ചെയ്തു, മണ്ഡല പുനര്‍നിര്‍ണയത്തിന് കമ്മീഷൻ

Published : Apr 14, 2026, 05:05 PM ISTUpdated : Apr 14, 2026, 11:43 PM IST
The Women s Reservation Bill passed by the Centre

Synopsis

മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാൻ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചു. സുപ്രീം കോടതി ജ‍ഡ്ജി കമ്മീഷന് നേതൃത്വം നൽകും. വനിതകളുടെ സീറ്റുകൾ മാറി മാറി നിശ്ചയിക്കും. 

ദില്ലി: ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താൻ നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് എംപിമാർക്ക് കൈമാറി കേന്ദ്ര സർക്കാർ. വനിതകൾക്കുള്ള മൂന്നിലൊന്ന് സീറ്റുകൾ മാറിമാറി നിശ്ചയിക്കുമെന്നും ബില്ല് ചൂണ്ടിക്കാട്ടുന്നു. പാർലമെൻറ് സീറ്റുകൾക്ക് അനുസരിച്ച് നിയമസഭ സീറ്റുകളുടെ എണ്ണവും സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ പുനർനിശ്ചയിക്കും. മണ്ഡലപുനർനിർണ്ണയത്തിനുള്ള നിർദ്ദേശം നടപ്പാക്കിയാൽ ജനം തെരുവിലിറങ്ങുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുന്നറിയിപ്പ് നല്കി.

പാർലമെൻറ് സമ്മേളനം ചേരാൻ ഒരു ദിവസം ബാക്കി നില്ക്കെയാണ് ബില്ലുകൾ എംപിമാർക്ക് സർക്കാർ വിതരണം ചെയ്തത്. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനാണ് പ്രധാന നിർദ്ദേശം. ഇതിൽ സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് 35 സീറ്റുകളും ഉണ്ടാകും. മണ്ഡല പുനർനിർണ്ണയം 2026ലെ സെൻസസിന് ശേഷം മതിയെന്ന വ്യവസ്ഥ എടുത്തു കളഞ്ഞു, 2011 സെൻസസ് പ്രകാരമാകും 850 ലോക്സഭ സീറ്റുകൾ നിശ്ചയിക്കുക. ഈ 850ൽ മൂന്നിലൊന്ന് അതായത് 283 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും വനിതകൾക്കുള്ള സീറ്റുകൾ മാറ്റി നിശ്ചയിക്കും. വനിതകൾക്ക് സംവരണം ചെയ്യുന്ന സീറ്റുകളിൽ പട്ടിക ജാതി പട്ടിക വിഭാഗത്തിനുള്ള സംവരണം ഉറപ്പാക്കും.

എന്നാൽ ഒബിസി ഉപസംവരണത്തിന് നിർദ്ദേശമില്ല. സുപ്രീം കോടതി ജഡ്ജിയാകണം കമ്മീഷന് നേതൃത്വം നല്കേണ്ടത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോ അല്ലെങ്കിൽ കമ്മീഷണർമാരിൽ ഒരാളോ അംഗമായിരിക്കും. ഓരോ സംസ്ഥാനത്തും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷന്റെ ഭാഗമാകും. പാർലമെന്റ് മണ്ഡലത്തിനകത്ത് നില്ക്കുന്ന തരത്തിൽ നിയമസഭ സീറ്റുകളും പുനർനിശ്ചയിക്കണമെന്ന് ബില്ല് നിർദ്ദേശിക്കുന്നു. 

2029ൽ സംവരണം നടപ്പാകും എന്നാണ് സർക്കാർ നിലപാടെങ്കിലും ബില്ലിൽ ഇക്കാര്യം പറയുന്നില്ല. നിയമഭേദഗതിക്കായുള്ള നീക്കങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബിജെപി ശക്തമാക്കുകയാണ്. സ്ത്രീകൾക്ക് എഴുതിയ കത്തിൽ ഇപ്പോഴിത് പാസ്സാക്കാനായില്ലെങ്കിൽ അത് ദൗർഭാഗ്യകരമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എംപിമാർക്കുമേൽ സ്ത്രീകൾ ഇതിനായി സമ്മർദ്ദം ചെലുത്തണം എന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

അതേ സമയം മണ്ഡല പുനർനിർണ്ണയം ചർച്ചയില്ലാതെ നടപ്പാക്കുന്നതിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് തുടരുകയാണ്. മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയിൽ നാളെ ചേരുന്ന പ്രതിപക്ഷ യോഗം ബില്ലിനോടുള്ള നിലപാട് തീരുമാനിക്കും. ജനം തെരുവിലിറങ്ങും എന്ന മുന്നറിയിപ്പ് എംകെ സ്റ്റാലിൻ നൽകി. തമിഴ്നാടിനെ ബാധിക്കുന്ന തരത്തിലോ ഉത്തരേന്ത്യക്ക് അനുകൂലമായ തരത്തിലോ എന്തെങ്കിലും ഈ നിയമത്തിലുണ്ടെങ്കിൽ തമിഴ്നാടുകാർ വെറുതെ ഇരിക്കില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഉത്തരേന്ത്യയ്ക്കും തെക്കേ ഇന്ത്യയ്ക്കും ഇടയിൽ സീറ്റുകളുടെ അന്തരം കൂടും എന്നതാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. ഭരണപക്ഷത്തെ ചില പാർട്ടികളെങ്കിലും നിലപാട് മാറ്റുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ബംഗാളിലും തമിഴ്നാട്ടിലും പ്രചാരണം തുടരുമ്പോൾ ബില്ലിനോടുള്ള പ്രതിപക്ഷ എതിർപ്പ് വനിത സംവരണത്തിനോടുള്ള എതിർപ്പായി സർക്കാർ ചിത്രീകരിക്കുകയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഠിച്ചത് 12ാം ക്ലാസ് വരെ, നടത്തിയത് മുപ്പതിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, ഒരുകോടി രൂപയ്ക്ക് വരെ വൃക്ക വിറ്റു; മുഖ്യസൂത്രധാരൻ പിടിയിൽ
സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ