ഹറമൈന്‍ ട്രെയ്ന്‍ സെപ്റ്റംബറില്‍ സര്‍വീസ് ആരംഭിക്കും

By web deskFirst Published May 19, 2018, 12:53 AM IST
Highlights
  • ആദ്യഘട്ടത്തില്‍ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ആണ് ഉണ്ടാകുക.

റിയാദ്: മക്ക- മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയ്ന്‍ സെപ്റ്റംബറില്‍ സര്‍വീസ് ആരംഭിക്കും. ഒരു വര്‍ഷത്തിനു ശേഷം മാത്രമേ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകൂ എന്നും കരാർ കമ്പനി അധികൃതർ അറിയിച്ചു. റെയില്‍ പദ്ധതി ഏറ്റെടുത്ത കരാര്‍ കമ്പനിയാണ് സെപ്തംബറില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചത്. ആദ്യഘട്ടത്തില്‍ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ആണ് ഉണ്ടാകുക. 2019 സെപ്റ്റംബര്‍ മുതല്‍ ദിവസവും സര്‍വീസ് ഉണ്ടായിരിക്കും. 

മുപ്പത്തിയഞ്ച് ട്രെയിനുകള്‍, പന്ത്രണ്ട് വര്‍ഷം സര്‍വീസ് നടത്താനും ഈ കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. പണി പൂര്‍ത്തിയാകുന്നതോടെ ദിനംപ്രതി 1,66,000 പേര്‍ക്ക് യാത്ര ചെയ്യാനാകും. 2011-ലാണ്  6.7 ബില്യണ്‍ യൂറോ ചെലവ് വരുന്ന റെയില്‍ നിര്‍മാണ പദ്ധതിയുടെ കരാര്‍ നല്‍കിയത്. പന്ത്രണ്ട് സ്പാനിഷ് കമ്പനികളും രണ്ട് സൗദി കമ്പനികളും ഉള്‍ക്കൊള്ളുന്ന കണ്‍സോര്‍ഷ്യമാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. കരാര്‍ പ്രകാരം 2016-ലാണ് സര്‍വീസ് ആരംഭിക്കേണ്ടിയിരുന്നത്. 

എന്നാല്‍ ശക്തമായ പൊടിക്കാറ്റും, മണല്‍ കുന്നുകളും മൂലം നിര്‍മാണ ചെലവ് വര്‍ധിച്ചു. ഇതേതുടര്‍ന്ന് കരാര്‍ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ തര്‍ക്കം ഉടലെടുത്തത് നിര്‍മാണം വൈകാന്‍ കാരണമായി. അധിക ചെലവായ 210 മില്ല്യന്‍ യൂറോ നല്‍കാമെന്ന് സര്‍ക്കാര്‍ കരാര്‍ കമ്പനിക്ക് ഉറപ്പ് നല്‍കിയതോടെ ഈ വിഷയത്തിലുള്ള അനിശ്ചിതത്വം നീങ്ങുകയായിരുന്നു. നാനൂറ്റി നാല്‍പ്പത്തിനാല് കിലോമീറ്റര്‍ ദൂരം വരുന്ന ഹറമൈന്‍ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഹജ്ജ് ഉംറ തീര്‍ഥാടകരുടെ യാത്ര കൂടുതല്‍ സുഗമമാകും.

click me!