
കണ്ണൂർ: പെരളശ്ശേരിയിലെ നിയമോൾക്ക് ഒരു ശ്രവണസഹായി വേണം. നാല് മാസം മുൻപ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയിരുന്ന നിയമോൾ ഒന്നും കേൾക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. നാല് ലക്ഷത്തിലധികം വില വരുന്നതിനാൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് കുടുംബം.
ഉമ്മ, ടാറ്റ, തത്ത, കാക്ക, കണ്ണ്, മ്യാവൂൂ - എന്നൊക്കെ കുഞ്ഞ് കുഞ്ഞുവാക്കുകൾ പഠിച്ചെടുത്തും പറഞ്ഞും മിടുമിടുക്കിയായി വരികയായിരുന്നു ഈ രണ്ടു വയസ്സുകാരി. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ടെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ടതോടെ നിയ മോളുടെ ലോകത്ത് ശബ്ദങ്ങളില്ലാതായി. വീണു പോകാതിരിക്കാൻ ഊരി ബാഗിൽ വെച്ച ഉപകരണം ചെറിയ പെട്ടി സഹിതമാണ് പോയത്.
ജന്മനാ കേൾവി ശക്തിയില്ലാതിരുന്ന നിയയ്ക്ക് നാല് മാസം മുൻപാണ് ഉപകരണം ഘടിപ്പിച്ചത്. പുതിയതൊരെണ്ണം ഇനി വാങ്ങാൻ നാല് ലക്ഷത്തിലേറെയാണ് ചെലവ്. വീണുകിട്ടിയവരോ ആഭരണമാണെന്ന് കരുതി എടുത്തവരോ ഉണ്ടെങ്കിൽ തിരികെ നൽകാൻ പല വഴിയും നോക്കി ഇവർ.
''കരുതിക്കൂട്ടി എടുത്തതാണോ അല്ലയോ എന്നറിയില്ലല്ലോ, പേടിച്ചിട്ട് ഇനി ഇപ്പോ തരാത്തതാണെങ്കിലോ'' - എന്ന് നിയയുടെ അമ്മ അജിത.
''ആരെങ്കിലും അറിയാതെ എടുത്തതാണെങ്കിൽ.. എങ്ങനെയെങ്കിലും തിരിച്ച് തരുവാണെങ്കില്.. ഞാനിത് വരെ അത് എടുത്തവരെ മനസ്സുകൊണ്ട് ശപിച്ചിട്ടില്ല.'' അജിതയ്ക്ക് വാക്കുകൾ മുറിയുന്നു.
ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ടിട്ട് 5 ദിവസം പിന്നിടുന്നു. തിരികെക്കിട്ടുമെന്ന പ്രതീക്ഷ നശിക്കുമ്പോൾ പുതിയതൊരെണ്ണം കിട്ടാൻ സർക്കാരിന്‍റെയോ സുമനസ്സുകളുടെയോ ഇടപെടൽ കാത്തിരിക്കുകയാണിവർ. കൂട്ടുകാരുടെയും ഈ ലോകത്തിന്‍റെയും ശബ്ദം കേൾക്കാനും പറയാനും നിയമോളും.
നിയമോളെക്കുറിച്ചുള്ള വാർത്ത ചുവടെ:
നിയമോളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍:
Rajesh K P
kerala Garmin bank
Account number :- 40499100005256
KLB0040499
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam