
ശ്രീനഗർ: പുൽവാമ ഭീകരാക്രമണം നടന്ന് നൂറ് മണിക്കൂറുകൾക്കുള്ളിൽ കശ്മീർ താഴ്‍വരയിലെ ജയ്ഷ് ഇ മുഹമ്മദ് നേതൃത്വത്തെ നശിപ്പിച്ചെന്ന് സൈന്യം. കശ്മീർ താഴ്വരയിലെ ഭീകരർക്ക് കീഴടങ്ങാൻ സൈന്യം അന്ത്യശാസനം നൽകി സൈന്യം. ഇത് അവസാനമുന്നറിയിപ്പാണ്. ഇനി മാപ്പില്ലെന്നും, തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്നും കമാൻഡർ കൻവാൾ ജീത് സിംഗ് ധില്ലൻ വ്യക്തമാക്കി. ജമ്മു കശ്മീർ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും സൈന്യത്തിന്‍റെയും മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തമായ മുന്നറിയിപ്പ്.
ജമ്മു കശ്മീരിൽ വലിയ ഓപ്പറേഷന് തന്നെ കരസേന തയ്യാറെടുക്കുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത്. താഴ്‍വരയിൽ ഭീകരക്യാംപുകളിലേക്ക് പോകുന്ന എല്ലാവരെയും ഇല്ലാതാക്കാനുള്ള ഓപ്പറേഷന് സജ്ജരാകുകയാണ് കരസേന. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സൈന്യത്തിന് തിരിച്ചടിക്കാൻ സർവസ്വാതന്ത്ര്യം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശക്തമായ തിരിച്ചടിക്ക് സൈന്യം ഒരുങ്ങുന്നത്.
പാകിസ്ഥാന്‍റെയും ഐഎസ്ഐയുടെയും സഹായത്തോടെയാണ് പുൽവാമ ആക്രമണം ആസൂത്രണം നടന്നതെന്ന് സൈന്യം ആവർത്തിച്ചു. ഇതിന് ഇന്ത്യയുടെ പക്കൽ തെളിവുണ്ടെന്നും സൈന്യം വ്യക്തമാക്കി.
''കശ്മീരി സംസ്കാരത്തിൽ അമ്മമാർക്ക് വലിയ പങ്കുണ്ട്. കശ്മീരിലെ ഓരോ അമ്മമാരോടും സ്വന്തം മക്കളെ തീവ്രവാദികൾക്കൊപ്പം വിടരുതെന്ന് അഭ്യർഥിക്കുന്നു''. കമാൻഡർ ധില്ലൻ പറഞ്ഞു.
ജയ്ഷെ മുഹമ്മദ് കശ്മീർ കമാൻഡർ കമ്രാനും ഗാസി റഷീദും ഇന്നലെ സൈന്യത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതോടൊപ്പം ഒരു മേജറടക്കം നാല് സൈനികരും ഇന്നലത്തെ ആക്രമണത്തിൽ വീരമൃത്യു വരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. മേജര്‍ വി എസ് ദണ്ഡിയാൽ, ഹവീല്‍ദാര്‍മാരായ ഷിയോ റാം, അജയ് കുമാര്‍, ഹരി സിംഗ് എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.
ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് സൈന്യം തിരിച്ചടിച്ചതെന്ന് കമാൻഡർ ധില്ലൻ വ്യക്തമാക്കി. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങൾ വരരുതെന്നും ശക്തമായ തിരിച്ചടിക്ക് തന്നെയാണ് സൈന്യം തയ്യാറെടുക്കുന്നതെന്നും കമാൻഡർ അറിയിച്ചു.
സൈന്യത്തിന്‍റെ വാർത്താസമ്മേളനത്തിന്‍റെ പൂർണരൂപം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam