വസ്തു തര്‍ക്കം; മാധ്യമപ്രവര്‍ത്തകന്റെ വീടാക്രമിച്ച് ഗര്‍ഭിണിയെ മര്‍ദ്ദിച്ചു

By web deskFirst Published Mar 10, 2018, 1:54 PM IST
Highlights
  • കഴിഞ്ഞ ദിവസം വീട്ടില്‍ കയറി ഗര്‍ഭിണി ഉള്‍പ്പടെയുള്ള സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ച അക്രമി സംഘം വീടിന് വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. 

തിരുവനന്തപുരം: വസ്തു സംബന്ധമായ തര്‍ക്കത്തില്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് നേരേ നിരന്തര ആക്രമണമെന്ന് പരാതി. ജീവനുവരെ ഭീഷണിയാണെന്ന് കാട്ടി സഹായത്തിനായി പല തവണ പോലീസിനെ സമീപിച്ച കുടുംബത്തിന് അവഗണനമാത്രമായിരുന്നു പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കഴിഞ്ഞ ദിവസം വീട്ടില്‍ കയറി ഗര്‍ഭിണി ഉള്‍പ്പടെയുള്ള സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ച അക്രമി സംഘം വീടിന് വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു. 

ആക്രമണത്തില്‍ പുല്ലുവിള കൊച്ചുപ്പള്ളി വടക്കേ തോട്ടത്തില്‍ ജൈനി സെബാസ്റ്റ്യന്‍ ഇവരുടെ മകന്‍ ജെയിംസ് സെബാസ്റ്റ്യന്‍ ഗര്‍ഭിണിയായ മകള്‍ ചെറുപുഷ്പം, ഇവരുടെ രണ്ട് മക്കള്‍ എന്നിവരെ സംഘം മര്‍ദിച്ചതായി പറയുന്നു. ജെയിംസിന്റെ കൈക്കാണ് മര്‍ദനമേറ്റത്. പല തവണ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കാഞ്ഞിരംകുളം പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. 

ഇന്നലെ രാത്രി പത്തുമണിയോടെ കൊച്ചുത്തുറയിലാണ് സംഭവം. രാത്രി ജെയിംസ് സെബാസ്റ്റ്യന്റെ കുടുംബ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ നാലംഗ സംഘം വീട്ടിലുണ്ടായിരുന്ന ജെയിംസിന്റെ സഹോദരി ചെറുപുഷ്പത്തെയും മക്കളെയും മര്‍ദിക്കുകയായിരുന്നു. സംഭവം കണ്ട് തടയാന്‍ ശ്രമിച്ച ജെയിംസിന് നേരെയും സംഘം ആക്രമണം അഴിച്ച് വിട്ടു. വീടിന് മുന്നില്‍ റോഡ് വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും അക്രമി സംഘം എറിഞ്ഞു തകര്‍ത്തു.

വസ്തു സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്ന് ജെയിംസ് നേരത്തെ കുടുംബകോടതിയെ സമീപിച്ചിരുന്നു. ഇതിന് ശേഷമാണ് എതിര്‍കക്ഷികള്‍ നിരന്തരം തന്റെ കുടുംബത്തിനെ വേട്ടയാടാന്‍ തുടങ്ങിയതെന്ന് ജെയിംസ് പറഞ്ഞു. പല തവണ ഇവര്‍ക്ക് നേരെ സംഘടിതമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം കാഞ്ഞിരംകുളം പോലീസില്‍ കുടുംബം പരാതി നല്‍കിയെങ്കിലും പോലീസ് തിരിഞ്ഞു നോക്കിയില്ല. 

ഒരിക്കല്‍ രാത്രി പോലീസ് സ്റ്റേഷനില്‍ ചെറുപുഷ്പം പരാതി നല്‍കിയപ്പോള്‍ പരാതി വാങ്ങി വായിച്ച ശേഷം എസ്.ഐ വലിച്ചെറിയുകയായിരുന്നു. കൂടാതെ കുടുംബത്തിനെ സംഘം മര്‍ദിക്കുന്ന ദൃശ്യം സഹിതം പോലീസിന് നല്‍കിയെങ്കിലും അത് വ്യാജമാണെന്ന് പറഞ്ഞ് പോലീസ് തെളിവ് അവഗണിച്ചതായും ചെറുപുഷ്പം പറഞ്ഞു. ജൈനി സെബാസ്റ്റ്യന്റെ മറ്റൊരു മകന്‍ ബിനു സെബാസ്റ്റിയന്‍ മനോരമ ന്യൂസ് ഡല്‍ഹി ബ്യൂറോ സീനിയര്‍ ക്യാമറാമാന്‍ ആണ്. സംഘത്തിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ ജെയിംസ് സെബാസ്റ്റിയന്‍ ജയ്ഹിന്ദ് ചാനലിലെ വീഡിയോ എഡിറ്റര്‍ ആണ്.
 

click me!