സൗദിയില്‍ ഒരു ലക്ഷത്തിലേറെ ഒഴിവെന്ന് തൊഴില്‍ മന്ത്രാലയം

By Web DeskFirst Published Apr 9, 2018, 12:39 AM IST
Highlights
  • ഇതില്‍ അറുപത് ശതമാനവും പ്രവാസികള്‍ക്ക് ജോലി ലഭിക്കുന്ന മേഖലകളിലാണ്. 

സൗദി അറോബ്യ:   സൗദിയില്‍ ഒരു ലക്ഷത്തിലേറെ തസ്തികകള്‍  ഒഴിഞ്ഞു കിടക്കുന്നതായി തൊഴില്‍ മന്ത്രാലയം.  ഇതില്‍ അറുപത് ശതമാനവും പ്രവാസികള്‍ക്ക് ജോലി ലഭിക്കുന്ന മേഖലകളിലാണ്. സൗദിയില്‍ ഒരു വര്‍ഷത്തിനിടയില്‍ എട്ടു ലക്ഷത്തിലേറെ തൊഴില്‍ വിസകള്‍ അനുവദിച്ചു. ഒരു ലക്ഷത്തിലേറെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സൗദിയിലെ സ്വകാര്യ മേഖലയ്ക്ക് അനുവദിച്ചത് 8,19,881 തൊഴില്‍ വിസകളാണ്. ഇതില്‍ അറുപത്തിരണ്ട് ശതമാനവും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആണെന്ന് തൊഴില്‍ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു. 

സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷത്തി മുപ്പതിനായിരം വിസകളും, സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷത്തി എണ്‍പത്തിമൂന്ന് ലക്ഷം വിസകളും അനുവദിച്ചു. പുതിയ സ്ഥാപനങ്ങള്‍, നിലവിലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണം എന്നിവയ്ക്ക് മുപ്പത്തിയൊന്ന് ശതമാനം വിസകള്‍ അനുവദിച്ചു. പുതിയ സ്ഥാപനങ്ങള്‍ക്കാണ് പതിനാല് ശതമാനം വിസകളും അനുവദിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

കഴിഞ്ഞ വര്‍ഷം അവസാനത്തെ കണക്ക് പ്രകാരം സൗദിയില്‍ 1,16,068 തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ഇതില്‍ അറുപത് ശതമാനവും വിദേശികള്‍ക്ക് ജോലി ചെയ്യാവുന്ന തസ്തികകളാണ്. വാണിജ്യ മേഖലയിലും, ഹോട്ടല്‍ മേഖലയിലുമാണ് മുപ്പത് ശതമാനം അവസരങ്ങളുമുള്ളത്. നിര്‍മാണ മേഖലയില്‍ ഒഴിവുള്ള 21,657 തസ്തികകളില്‍  18,467 ഉം വിദേശികള്‍ക്ക് ജോലി ചെയ്യാവുന്നവയാണ്. വ്യവസായ മേഖലയില്‍ ഒഴിവുള്ള 18,641 ല്‍ 10,806 തസ്തികകളിലും വിദേശികള്‍ക്ക് ജോലി ചെയ്യാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് വിദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയില്ലെന്ന് കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു.

click me!