ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റത്തിൽ പ്രിയങ്ക ഗാന്ധി എംപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. 

മാനന്തവാടി: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25 ന് തീരുമാനിച്ച ഉദ്ഘാടന ചടങ്ങ് മാർച്ച് 1 ന് മൂന്ന് മണിയിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ടൗൺഷിപ്പിലെക്കുള്ള അപ്രോച്ച് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. അടിസ്ഥാന സൌകര്യമൊരുക്കാൻ കുറച്ചു കൂടി സമയം വേണമെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 5 ന് ശേഷമെന്നതും തീരുമാനത്തിന് കാരണമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉദ്ഘാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതിനിടെയാണ് മാറ്റം. 

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായിരുന്നു. ആദ്യഘട്ടത്തിൽ നൽകുന്ന 178 വീടുകൾ ആർക്കൊക്കെ എന്നത് കണ്ടെത്താനാണ് നറുക്കെടുപ്പ് നടത്തിയത്. പട്ടയവും വൈദ്യുതി കണക്ഷനും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകി. ഉറ്റവരെയും സമ്പാദ്യമായുണ്ടായിരുന്ന സർവവും ഉരുളെടുത്ത 178 പേരാണ് ഇന്ന് സ്വന്തം പേരില്‍ ഭൂമിയും വീടും ഏറ്റുവാങ്ങിയത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ട ആദ്യ ലിസ്റ്റിൽ ഉള്ളവരെയാണ് ഈ ഘട്ടത്തിൽ പരിഗണിച്ചത്. മൂന്ന് സോണുകളിലെ പണി പൂർത്തിയായ വീടുകളുടെ നമ്പറുകൾ എഴുതിയ പേപ്പറുകൾ നറുക്കിട്ടാണ് ആർക്കൊക്കെയെന്നത് തീരുമാനിച്ചത്. നറുക്കെടുപ്പിലൂടെ വീട് കിട്ടിയവർക്ക് പട്ടയവും വൈദ്യുതി, കുടിവെള്ള കണക്ഷനും ഉൾപ്പെടെ പിന്നാലെ തന്നെ രജിസ്റ്റർ ചെയ്ത നൽകി. വേദിയിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ ആയിരുന്നു ഇതിനുള്ള സൗകര്യം.

വീട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാത്തരം ഫീസുകളും ദുരന്തബാധിതർക്ക് ആയി സർക്കാർ ഒഴിവാക്കി നൽകിയിട്ടുണ്ട്. ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനം വേദിയിൽ മന്ത്രി ഒ ആർ കേളു പ്രഖ്യാപിച്ചു. അതേസമയം ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിൽ പൂർണതോതിൽ താമസിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നതില്‍ ദുരന്തബാധിരില്‍ ആശങ്കയും ഉണ്ട്‍. 

ഇരുന്നൂറോളം വീടുകളുടെ നിർമ്മാണം ടൗൺഷിപ്പിൽ നടക്കുന്നതും കുടിവെള്ളം റോഡ്, മാലിന്യ പ്ലാൻറ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം തുടരുന്ന സാഹചര്യത്തിലാണ് പൂർണ തോതില്‍ താമസിക്കാൻ ഇനിയും സമമെടുക്കുക. അടുത്ത മഴക്കാലത്തിന് അധികം സമയ മില്ലെന്നതിനാല്‍ പണി വേഗം പൂര്‍ത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് ദുരന്തബാധിതർ. 

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming