
തൃശൂര്‍: ദിവാന്‍ജിമൂല അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ശക്തന്‍ നഗറിലെ ആര്‍ക്കേഡ് പണയപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ എതിര്‍പ്പ്. ഹെഡ്‌കോയില്‍ നിന്ന് വായ്പയെടുക്കാനായി ശക്തന്‍ ആര്‍ക്കേഡ് പണയത്താന്‍ ശ്രമമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പണയപ്പെടുത്തല്‍ നടപടി സര്‍ക്കാര്‍ അനുമതിക്ക് ശേഷമേ ഉണ്ടാവൂവെന്ന് ഭരണപക്ഷം സഭയില്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ നേരത്തെ തന്നെ സര്‍ക്കാരുമായി ഭരണപക്ഷം സമീപിച്ചിട്ടുണ്ടെന്നും അക്കാര്യം മറച്ചുവച്ചത് ശരിയായില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വായ്പയെടുക്കലും പണയപ്പെടുത്തലും സര്‍ക്കാര്‍ ജാമ്യത്തില്‍ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മുമ്പും കോര്‍പ്പറേഷന്‍ വായ്പയെടുത്തിട്ടുണ്ട്. എന്നാല്‍ വസ്തുക്കള്‍ പണയപ്പെടുത്തേണ്ടി വന്നിട്ടില്ല. വസ്തു പണയപ്പെടുത്തിയുള്ള വായ്പയെടുക്കല്‍ വിത്തെടുത്ത് കഞ്ഞിവയ്ക്കുന്നതിന് തുല്യമാകും. ഇത് പുതിയ കീഴ്‌വഴക്കമാവുമെന്നും സര്‍ക്കാരിനെ ജാമ്യം നിറുത്തി വായ്പ ലഭ്യമാക്കണമെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ അനുമതി തേടിയ ശേഷമേ ഇക്കാര്യത്തില്‍ നടപടികളിലേക്ക് കടക്കാനാവൂ എന്ന് ഭരണപക്ഷം പറഞ്ഞുവെങ്കിലും പണയപ്പെടുത്തിയുള്ള വായ്പയെടുക്കലിനെ കോണ്‍ഗ്രസും ബി.ജെ.പിയും എതിര്‍ത്തു.
സര്‍ക്കാരിനെ ജാമ്യം നിറുത്തിയുള്ള വായ്പക്ക് സര്‍ക്കാരിനെ സമീപിക്കാനും ഇല്ലെങ്കില്‍ മാത്രം പണയപ്പെടുത്തിയുള്ള വായ്പയെടുക്കലിലേക്ക് കടക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ഇതിനിടയില്‍ ദിവാന്‍ജിമൂല, പടിഞ്ഞാറെ കോട്ട, എം.ജി.റോഡ് എന്നിവയുടെ വികസനത്തിനായി ഫണ്ട് വായ്പയെടുക്കുന്നതില്‍ അനുമതി തേടി രണ്ട് തവണ സര്‍ക്കാരിലേക്ക് കോര്‍പ്പറേഷന്‍ കത്തയച്ചിരുന്നതില്‍, സര്‍ക്കാര്‍ മറുപടി നല്‍കാതിരുന്നത് പ്രതിപക്ഷം ഉന്നയിച്ചു.
ഇക്കാര്യം അജണ്ടയില്‍ നിന്ന് മറച്ചുവെച്ചത് ദുരൂഹമാണെന്നും ആരോപണമുണ്ടായി. വായ്പാ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്നത് പാലിക്കേണ്ടി വരുമെന്നും സര്‍ക്കാരുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മേയര്‍ അജിത ജയരാജന്‍ കൗണ്‍സിലിനെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam