ഒടുവില്‍ ഹാഷിം അന്‍സാരിയും വിടവാങ്ങി

By Web DeskFirst Published Jul 20, 2016, 3:29 PM IST
Highlights

യു പി:  അയോധ്യയ്ക്കടുത്ത കുടിയപഞ്ചി തോലയിലെ ഒറ്റമുറി വീട്ടില്‍ ബാബറി മസ്ജിദിരുന്ന ഇടത്തെ നോക്കിനോക്കിയിരുന്ന് ഒടുവില്‍ മുഹമ്മദ് ഹാഷിം അന്‍സാരിയും ഓര്‍മ്മയായി. പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ തൊണ്ണൂറ്റിയാറാം  വയസ്സിലാണ് അന്‍സാരിയെ തേടി മരണമെത്തുന്നത്.

അയോധ്യ കേസിലെ ഏറ്റവും പ്രായം ചെന്ന കക്ഷിയായിരുന്നു തയ്യല്‍ക്കാരനായ മുഹമ്മദ് ഹാഷിം അന്‍സാരി. ബാബരി ധ്വംസന കേസില്‍ നീണ്ടകാലം നിയമ പോരാട്ടം നടത്തിയ മനുഷ്യന്‍. 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ചെന്ന കേസിലെ ദൃക്സാക്ഷി. നമസ്കാരം നടക്കുന്ന മസ്ജിദല്ലെന്നും വിഗ്രഹം ക്ഷേത്രത്തില്‍ സ്വയംഭൂവാണെന്നും ഹിന്ദുമഹാസഭ വാദിക്കുമ്പോള്‍  അവസാനമായി താന്‍ അവിടെ ഇശാ നമസ്കരിച്ചുവെന്ന് അവകാശപ്പെട്ട മനുഷ്യന്‍. അപ്പോഴും രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ നേതാക്കളായ രാം ചന്ദര്‍ പരമഹംസും മഹന്ത് ഭാസ്കര്‍ ദാസുമൊക്കെ അന്‍സാരിയുടെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നത് മറ്റൊരു കൗതുകം.

1961ലാണ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഫൈസാബാദ് സിവില്‍ കോടതിയില്‍ ഹാഷിം അന്‍സാരി ഉള്‍പ്പെടെ ഏഴുപേര്‍ കേസ് ഫയല്‍ ചെയ്യുന്നത്. ഒപ്പമുള്ളവരെല്ലാം മരിച്ചിട്ടും അന്‍സാരി നിയമപോരാട്ടം തുടര്‍ന്നു. ഒടുവില്‍ 2014ല്‍ കേസില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കേസ് നടത്താനുള്ള അധികാരം മകന് നല്‍കി.

തര്‍ക്കഭൂമിയുടെ പേരില്‍ അശാന്തി സൃഷ്ടിക്കതെന്ന് ഹിന്ദുക്കളോടും മുസ്ലിംകളോടും  നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു അന്‍സാരി. വിശ്വാസത്തിന്‍റെ മറവില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കെതിരെ അവസാന കാലത്തും പ്രതിരോധിച്ചു കൊണ്ടിരുന്നു. പ്രശ്നങ്ങളുണ്ടാക്കുന്നത് രാജ്യത്തിന് നഷ്ടമുണ്ടാകുമെന്ന് വാദിച്ചിരുന്നു. നിയമ പോരാട്ടത്തിനൊടുവില്‍ തര്‍ക്കം ഉപേക്ഷിച്ച് പകരം മനസമാധാനത്തിനായിരുന്നു ആഗ്രഹം. തന്നെ കാണാനെത്തുന്ന മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ അന്‍സാരി ആവര്‍ത്തിച്ചിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അന്‍സാരി. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു അന്ത്യം. ഒടുവില്‍ ആഗ്രഹങ്ങളൊക്കെ അവശേഷിപ്പിച്ച് തര്‍ക്കഭൂമിയുടെ സമീപത്തെ കബറിലേക്കു മടങ്ങിയിരിക്കുന്നു അന്‍സാരി.

 

click me!