യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്. നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

കോഴിക്കോട്: വര്‍ഗീയ പരാമര്‍ശങ്ങളില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ് സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നൽകിയത്. നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരി തിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നത്. പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സുനന്ദ് പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കൂടിയാണ്‌ എസ് സുനന്ദ്.

അതേസമയം, വെള്ളാപ്പള്ളി നടേശനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള പോര് രൂക്ഷമായി തുടരുകയാണ്. തദ്ദേശ തെര‍ഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി കൂട്ടുകെട്ടിനെ ചൊല്ലി ഇടതുമുന്നണിയിൽ കടുത്ത അഭിപ്രായ ഭിന്നതയാണ് ഉടലെടുത്തത്. വര്‍ഗ്ഗീയവാദിയായ വെള്ളാപ്പള്ളിയെ കൂട്ടു പിടിച്ചത് തിരിച്ചടിയാണെന്നാണ് സിപിഐ ആരോപിക്കുന്നത്. മുന്നണി മര്യാദ പോലും പാലിക്കാതെ സിപിഐ എടുത്ത നിലപാടുകളാണ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചത്. വിവാദവും വാക്പോരും കനക്കുന്നതിനിടെ സിപിഐ നിലപാട് തള്ളിയും വെള്ളാപ്പള്ളിയെ പൂര്‍ണ്ണമായും തള്ളാതേയും സിപിഎം നേതൃത്വം നിലപാട് സ്വീകരിച്ചു. വര്‍ഗ്ഗീയവാദിയാണ് വെള്ളാപ്പള്ളിയെന്ന സിപിഐ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളി. തോൽവിക്ക് കാരണം സിപിഐ നിലപാടാണെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിക്കുമ്പോൾ ഇരിക്കുന്ന കസേരയുടെ മഹത്വം ഓര്‍ക്കണമെന്ന് ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു.