ശബരിമല സ്ത്രീപ്രവേശവിധി: ദേവസ്വംബോർഡ് ഹർജി വൈകുമോ? സുപ്രീംകോടതിയിലെ അഭിഭാഷകന് രേഖകൾ കിട്ടിയില്ല

By Web TeamFirst Published Nov 19, 2018, 11:13 AM IST
Highlights

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹർജി നൽകാനൊരുങ്ങുന്നത്. 

ദില്ലി: ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതിൽ സാവകാശം തേടിയുള്ള ഹർജി ദേവസ്വംബോർഡിന് ഇന്ന് സമർപ്പിക്കാനാകുമോ എന്ന് വ്യക്തതയില്ല. ദേവസ്വംബോർഡിന് വേണ്ടി ദില്ലിയിൽ ഹർജി ഫയൽ ചെയ്യുന്ന അഭിഭാഷകന് ഇതുവരെ രേഖകൾ കിട്ടിയിട്ടില്ല. ബോർഡ് ആസ്ഥാനത്ത് നിന്ന് രേഖകൾ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഹ‍ർജി ഇന്ന് ഫയൽ ചെയ്യണമെങ്കിൽ നാല് മണിയ്ക്കുള്ളിൽ രേഖകൾ എത്തിക്കണം.

രേഖകൾ കിട്ടിയില്ലെങ്കിൽ ഇന്ന് ഹർജി നൽകാനാകില്ല. രേഖാമൂലം ദേവസ്വംബോ‍ർഡ് ആസ്ഥാനത്തു നിന്ന് ഒപ്പിട്ട വക്കാലത്ത് നൽകിയാലേ അഭിഭാഷകന് ഹർജി തയ്യാറാക്കി സുപ്രീംകോടതിയിൽ സമർപ്പിക്കാനാകൂ. 

സാവകാശം തേടിയുള്ള ഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് നേരത്തേ പദ്മകുമാർ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെടുക. 

എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത്തരം ഒരു ആവശ്യവും ഇപ്പോൾ ബോർഡ് ഉന്നയിക്കില്ലെന്ന് പദ്മകുമാർ വ്യക്തമാക്കി. എത്ര കാലം സാവകാശം നൽകാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പദ്മകുമാർ പറഞ്ഞു.

സുപ്രീംകോടതിയിൽ പുതിയ അഭിഭാഷകൻ

സുപ്രീംകോടതിയിൽ ദേവസ്വംബോർഡിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ചന്ദ്രോദയ് സിംഗാണെന്ന് ദേവസ്വംബോർഡ് നേരത്തേ നിശ്ചയിച്ചിരുന്നു. ഒപ്പം ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ, അഡ്വ.സുധീറും സുപ്രീംകോടതിയിൽ ബോർഡിനെ പ്രതിനിധീകരിക്കും.  

click me!