
ദോഹ: ഖത്തറിനെതിരെ ചില ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തെ ചോദ്യം ചെയ്ത് അമേരിക്ക രംഗത്തെത്തി. അമേരിക്കൻ ആഭ്യന്തര വക്താവ് ഹീതർ ന്യൂവർട്ടാണ് ഉപരോധവുമായി ബന്ധപ്പെട്ട് സൗദി അനുകൂല രാജ്യങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. ഇടക്കിടെ നിലപാടുകൾ മാറ്റുന്ന പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തുടർച്ചയായ അഭിപ്രായപ്രകടനങ്ങൾക്ക് വിരുദ്ധമായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട് വക്താവ് രംഗത്തെത്തിയത് പ്രശ്നത്തിന് ഉടൻ പരിഹാരം കാണാൻ അമേരിക്ക മുന്നിട്ടിറങ്ങിയേക്കുമെന്ന സൂചനയാണ് നൽകുന്നത്.
ഖത്തർ തീവ്രവാദത്തെ സഹായിക്കുന്നുവെന്ന ആരോപണമാണോ ഗൾഫ് രാജ്യങ്ങൾക്കിടയിൽ വർഷങ്ങളായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളാണോ ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്താൻ കാരണമായതെന്നും അദ്ദേഹം ചൊദിച്ചു. ഉപരോധത്തിന് കാരണമായ പരാതികൾ ഇതുവരെ പുറത്തുവിടാൻ കഴിയാത്തത് ഗൾഫ് രാജ്യങ്ങൾക്കു മേൽ നിഗൂഢത ഉണ്ടാക്കിയതായും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് അഭിപ്രായപ്പെട്ടു.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് റ്റില്ലേഴ്സൻ ഖത്തർ,സൗദി,യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി നേരത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിനിടെ,നിലവിലെ ഗൾഫ് പ്രതിസന്ധി ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നമെന്ന നിലയിൽ കൈകാര്യം ചെയ്യണമെന്നും ഇക്കാര്യത്തിൽ കുവൈറ്റ് നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്വിറ്ററാസ് അറിയിച്ചു.
ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിക്കുന്ന നിലപാടുകൾ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും പ്രശ്നപരിഹാരത്തിനായുള്ള ഇടപെടലുകൾ ആരുടെ ഭാഗത്തു നിന്നുണ്ടായാലും ഫലപ്രദമായ തീരുമാനങ്ങളാണ് ഐക്യരഷ്ട്ര സഭ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യ,യു.എ.ഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ ജൂൺ അഞ്ചിന് ഖത്തറിന് മേൽ പ്രഖ്യാപിച്ച ഉപരോധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ മറ്റു ദിശയിലേക്ക് നീങ്ങുന്നതായാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam