
കാസര്‍കോട്: 1991 - 2001 കാലഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് റേഞ്ച് കള്ള് ഷാപ്പ് ലേലം കൊണ്ടത് സി.കെ.സുരേഷും സഹോദരനുമായിരുന്നു. കാഞ്ഞങ്ങാട് റേഞ്ചില്‍ അന്ന് 65 ഷാപ്പുകളുണ്ടായിരുന്നു. ഇതില്‍ ബളാല്‍ കേന്ദ്രീകരിച്ചാണ് സുരേഷ് ഷാപ്പിന്റെ കണക്കുകള്‍ നോക്കിയിരുന്നത്. പണം ഒഴുകിയ നാളുകള്‍. തികഞ്ഞ മുതലാളിമാരായിരുന്നു സഹോദരങ്ങള്‍. കഴുത്തില്‍ സ്വര്‍ണമാല, കൈയില്‍ ചെയിന്‍, കസവുമുണ്ട്, വാഹനങ്ങള്‍...
ഇന്ന് പക്ഷേ സുരേഷിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. ഉടുതുണിക്ക് മറുതുണിയില്ല. പണ്ട് തന്റെ കീഴിലായിരുന്ന ബളാല്‍ ഷാപ്പില്‍ എന്നും വൈകീട്ട് അന്തിയുറങ്ങാനെത്തും, മറ്റ് കിടപ്പാടമില്ലാത്തതിനാല്‍. ബളാല്‍ ഗവ.ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് കഴിഞ്ഞ് പടന്നക്കാട് നെഹ്‌റു കോളേജില്‍ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും നേടിയ സുരേഷ് എന്ന ആ പഴയ കള്ളുഷാപ്പ് മുതലാളി മനോനിലതെറ്റി കഴിഞ്ഞ നാല് വര്‍ഷമായി ബളാലിലെ കള്ളുഷാപ്പില്‍ നരകജീവിതം നയിക്കുന്നു. ഷാപ്പില്‍ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ച് ജീവിതം തള്ളിനീക്കുന്ന സുരേഷ് പക്ഷേ മദ്യത്തിനടിമയല്ല. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ഒരു ഗ്ലാസ് കള്ള് കുടിക്കും, അത്രമാത്രം.
സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഇഞ്ചി കൃഷിയോട് തോന്നിയ താല്പര്യമാണ്. വന്‍ലാഭം പ്രതീക്ഷിച്ച് കര്‍ണ്ണാടകയില്‍ പോയി ഇഞ്ചി കൃഷി നടത്തി. പക്ഷേ കാര്യങ്ങള്‍ കരുതിയത് പോലെയായിരുന്നില്ല. കൃഷിയില്‍ ഉണ്ടായ അപ്രതീക്ഷിത നഷ്ടം സുരേഷിന്റെ മനോനില തകര്‍ത്തു. കടം കയറിയപ്പോള്‍ വീട് വില്‍ക്കേണ്ടി വന്നു. പക്ഷേ, കടം മാത്രം കൂടി വന്നു. പണം സ്വരൂപിക്കുവാനുള്ള മാര്‍ഗങ്ങള്‍ അടഞ്ഞതോടെ സുരേഷിന് പാരമ്പര്യമായി കിട്ടിയ സ്വത്തും വീടും വില്‍ക്കേണ്ടിവന്നു. മാനസികമായി തകര്‍ന്നതോടെ കുടുംബാംഗങ്ങളും ഉപേക്ഷിച്ചു. പണവും വീടും നഷ്ടപ്പെട്ട സുരേഷ് എല്ലാ ദിവസവും വൈകീട്ട് ബളാലിലെ ഷാപ്പിലെത്തും, ഒന്ന് തല ചായ്ക്കാന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam