സനലിന്‍റെ മരണം; പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച്

By Web TeamFirst Published Nov 8, 2018, 11:07 AM IST
Highlights

നെയ്യാറ്റിൻകരയില്‍ ഡിവൈഎസ്പി ഹരികുമാർ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനലിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തല്‍. പൊലീസ് സനലിനെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സനല്‍ കുമാര്‍ ചോര വാർന്ന് റോഡിൽ കിടന്നാണ് മരിച്ചത്. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഡിവൈഎസ്പി ഹരികുമാർ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനലിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തല്‍. പൊലീസ് സനലിനെ ആശുപത്രിയിലേക്ക് മാറ്റാൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. സനല്‍ കുമാര്‍ ചോര വാർന്ന് റോഡിൽ കിടന്നാണ് മരിച്ചത്. 

സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്ഐയെ വിളിച്ചറിയിച്ചു. എസ്ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്. അപകടസ്ഥലത്ത് നിന്ന് സനലിനെ നേരെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. 

എന്നാല്‍ സ്റ്റേഷനിലേക്ക് സനലിനെ കൊണ്ടുപോയില്ലെന്നും സ്റ്റേഷന് പുറത്ത് വച്ച് പൊലീസുകര്‍ക്ക് ഡ്യൂട്ടി മാറി കേറാനായി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്ഐയുടെ വിശദീകരണം. സനലിനെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് വ്യക്തമാണ്. റൂറൽ എസ്‍പിയും കൃത്യമായി നടപടിയെടുത്തില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അപകടശേഷം ഹരികുമാർ റൂറൽ എസ്പി അശോക് കുമാറിനെയും വിളിച്ചിരുന്നു. എന്നാൽ സംഭവത്തിന്‍റെ ഗൗരവം റൂറൽ എസ്‍പി മനസ്സിലാക്കിയില്ല. കൃത്യമായ നടപടിയെടുത്തതുമില്ല.

അപകടശേഷം, ഏതാണ് ഒരു മണിക്കൂറോളം ഹരികുമാറിന്‍റെ ഔദ്യോഗികമൊബൈൽ സജീവമായിരുന്നു. പിറ്റേ ദിവസം ഉപയോഗിച്ചത് സ്വകാര്യമൊബൈൽ ഫോണാണ്. രണ്ടും ട്രേസ് ചെയ്യാൻ പൊലീസിനായില്ല എന്നത് മറ്റൊരു വീഴ്ചയായി. ഈ സാഹചര്യത്തിൽ റൂറൽ എസ്‍പിയോടും ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇതിനിടെ, നേരത്തേയും ഗുരുതര ആരോപണങ്ങളുയർന്ന ഹരികുമാറിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്‍റലിജൻസ് ഐജി മനോജ് എബ്രഹാം റിപ്പോർട്ട് നൽകിയിരുന്നതാണ്. ഹരികുമാറിനെയും കൊല്ലത്ത് ക്രമസമാധാന ചുമതലയുള്ള ഒരു അസി.കമ്മീഷണറെയും മാറ്റണമെന്നായിരുന്നു ഐജിയുടെ റിപ്പോർട്ട്. എന്നാല്‍ റിപ്പോര്‍ട്ട് സർക്കാരിൽ എത്താൻ വൈകി. പൊലീസ് അസോസിയേഷനിലെ ചില ഉന്നതർ ഇടപെട്ട് റിപ്പോർട്ട് മുക്കിയെന്നാണ് സൂചന.

click me!