വയനാട്ടില്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നിര്‍ത്തി

By web deskFirst Published Jun 12, 2018, 7:25 PM IST
Highlights
  • എ.ബി.സി പദ്ധതിയില്‍ അനുവദിച്ച ഓപ്പറേഷന്‍ തിയേറ്ററിന്‍റെ നിര്‍മാണം മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തോട് അനുബന്ധിച്ച് പുരോഗമിക്കുന്നുമുണ്ട്. 

വയനാട്: തെരുവ് നായ്ക്കളുടെ ശല്യം കുറക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി (എ.ബി.സി-തെരുവ്‌ നായ്ക്കളുടെ വന്ധ്യംകരണം) ജില്ലയില്‍ നിലച്ചു. നായക്കളുടെ വംശവര്‍ധന തടഞ്ഞ് തെരുവ് നായ് ശല്യം പരിഹരിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് മറ്റ് ജില്ലകളില്‍ നായ്ക്കളുടെ വന്ധ്യംകരണം തുടരുമ്പോഴാണ് മുന്നിറിയിപ്പില്ലാതെ തന്നെ പദ്ധതി നിര്‍ത്തിയിരിക്കുന്നത്. 

അതേ സമയം പുതിയ പഞ്ചവത്സര പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ട് പദ്ധതി നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെന്നും, ഇത് കാരണമാണ് പദ്ധതി നിര്‍ത്തിയതെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പദ്ധതി നിര്‍ത്തലാക്കിയത്. എന്നാല്‍ ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനവും തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് പുതിയ പദ്ധതികളൊന്നും ഇതുവരെ മുന്നോട്ടുവെച്ചിട്ടുമില്ല. 

പദ്ധതിയുടെ ഭാഗമായി 2016 ല്‍ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിലെ മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തില്‍ എ.ബി.സി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ജില്ല പഞ്ചായത്തിന്‍റെ  നേതൃത്വത്തില്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു എ.ബി.സി യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. പദ്ധതി നിര്‍ത്തിയതോടെ ഇത് അടഞ്ഞ് കിടക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടുന്ന നായ്ക്കളെ യൂണിറ്റിലെത്തിച്ചായിരുന്നു വന്ധ്യംകരിച്ചിരുന്നത്.

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നുമുള്ള മൊബൈല്‍ സര്‍ജറി യൂണിറ്റായിരുന്നു ഇവിടെയെത്തി ശസ്ത്രക്രിയ നടത്തിയിരുന്നത്. ശേഷം നായ്ക്കളെ യൂണിറ്റില്‍ തയ്യാറാക്കിയ കൂട്ടില്‍ പാര്‍പ്പിക്കും. മരുന്നും പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പും മറ്റു ചികിത്സകളും നല്‍കിയ ശേഷമായിരുന്നു പുറത്തേക്ക് വിട്ടിരുന്നത്. കരാര്‍ അടിസ്ഥാനത്തിലാണെങ്കിലും രണ്ട് വെറ്ററിനറി ഡോക്ടര്‍മാരെയും രണ്ട് അറ്റന്‍ഡര്‍മാരെയും ഇതിനായി നിയമിച്ചിരുന്നു. ഇതിനിടെ എ.ബി.സി പദ്ധതിയില്‍ അനുവദിച്ച ഓപ്പറേഷന്‍ തിയേറ്ററിന്‍റെ നിര്‍മാണം മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തോട് അനുബന്ധിച്ച് പുരോഗമിക്കുന്നുമുണ്ട്. 

click me!