കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം-ബിജെപി ധാരണ

By Web TeamFirst Published Jan 5, 2019, 7:31 PM IST
Highlights

കളക്ടര്‍ മീർ മുഹമ്മദലിയുടെ  നേതൃത്വത്തില്‍ സിപിഎം, ബിജെപി നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. യോഗത്തില്‍ പങ്കെടുത്ത  സിപിഎം, ബിജെപി നേതാക്കള്‍ ധാരണകള്‍ അംഗീകരിച്ചു.

കണ്ണൂര്‍: ജില്ലയില്‍ സംഘ‍ർഷങ്ങൾക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാൻ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ പാടില്ലെന്ന് സമാധാനയോഗത്തിൽ തീരുമാനം.  മാധ്യമങ്ങളെ ഒഴിവാക്കി കളക്ടറുടെ അധ്യക്ഷഥയിൽ സിപിഎം - ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ധാരണ. സമാധാന യോഗം നടക്കുമ്പോഴും തലശേരിയിൽ ഡീവൈഎഫഐ പ്രകടനത്തിനിടെ കല്ലേറുണ്ടായി. വീടു കയറിയുള്ള ആക്രമണങ്ങളിലടക്കം 34 പേർ ഇതുവരെ അറസ്റ്റിലായി.

തലശേരിയിലെ തുടർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ, ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, ആർ.എസ്.എസ് നേതാവ് പ്രമോദ് എന്നിവർ പങ്കെടുത്ത നിർണായക യോഗം.   മാധ്യമങ്ങളെ യോഗത്തിൽ നിന്ന് ഒഴിവാക്കി.  എസ്.പി ഉൾപ്പടെ പങ്കെടുത്ത യോഗത്തിലാണ് 2 ദിവസത്തേക്ക് ജില്ലയിൽ പ്രകടനങ്ങൾ പാടില്ലെന്ന തീരുമാനം. ഇരുപാർട്ടികളും ഇവ അംഗീകരിച്ചു.  താഴേത്തട്ടിലേക്ക് ഈ തീരുമാനം പാർട്ടികൾ അറിയിക്കും.  പ്രകോപനങ്ങൾ ഒഴിവാക്കാനാണ് ഇത്.  എന്നാൽ സമാധാന യോഗം നടക്കുന്നതിനിടെ ഡിവൈഎഫ്ഐ തലശേരിയിൽ നടത്തിയ പ്രകടനത്തിലേക്ക് ബിജെപി ഓഫീസിന് സമീപം വെച്ച് കല്ലേറുണ്ടായി. ഇരു വിഭാഗത്തിന്റെയും കടകൾക്ക് നേരെ ആക്രമണമുണ്ടായി. പ്രവർത്തകർക്കും നാട്ടുകാരിൽ ചിലർക്കും പരിക്കേൽക്കുകയും ചെയ്തു.  

കഴിഞ്ഞ ദിവസങ്ങളിൽ തുടർചചയായുണ്ടായ വീടാക്രമണങ്ങളിലാണ് ഇതുവരെ 34 പേർ അറസ്റ്റിലായത്.  എന്നാൽ എ.എൻ ഷംസീർ എംഎൽഎ, വി മുരളീധരൻ എം.പി, പി ശശി എന്നിവരുടെ വീടുകൾക്ക് നേരെയുണ്ടായ ബോംബേറിൽ ആരെയും പിടികൂടാനായിട്ടില്ല.  തലശേരി മേഖലയിൽ പൊലീസിന്റെ കനത്ത ജാഗ്രതയും കരുതൽ കസ്റ്റഡികളും തുടരുകയാണ്. പ്രകോപനങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ രാവിലെ തന്നെ സിപിഎം പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.

ആക്രമിക്കപ്പെട്ട നേതാക്കളുടെ വീടുകൾ ഇരു പാർട്ടികളുടെും നേതാക്കൾ സന്ദർശിച്ചു.  ആക്രമണമുണ്ടായാൽ നേതാക്കൾ സംയുക്തമായി ഇവിടം സന്ദർശിക്കണമെന്ന മുൻ സമാധാന യോഗങ്ങളിലെ തീരുമാനം ഇന്ന് നടപ്പായില്ല.

  ശക്തമായ പൊലീസ് നടപടിയുണ്ടായില്ലെങ്കിൽ സംഘർഷങ്ങളാവർത്തിക്കുന്ന സ്ഥിതിയാണ് തലശേരി മേഖലയിൽ പലയിടത്തുമുള്ളത്

click me!