ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ 81 ശതമാനവും കോടിപതികള്‍; മണിക് സര്‍ക്കാര്‍ ദരിദ്രനായ മുഖ്യമന്ത്രി

By Web DeskFirst Published Feb 13, 2018, 2:39 PM IST
Highlights

ദില്ലി: രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സ്വത്തു വിവരകണക്കുകൾ പുറത്തു വന്നു. 177 കോടി രൂപ ആസ്‌തിയുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് മുഖ്യമന്ത്രിമാരിലെ ധനികന്‍.അരുണാചൽ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ് ചന്ദ്രബാബുവിന് പിന്നിൽ രണ്ടാമത്തെ കോടീശ്വരൻ. 129 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്‌തി.തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകളെ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

48 കോടി രൂപയുടെ ആസ്തിയുള്ള പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആണ്  മൂന്നാം സ്ഥാനത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് 1.06 കോടി രൂപയുടെ ആസ്തിയാണുള്ളത്. 26 ലക്ഷം രൂപയുടെ ആസ്‌തി മാത്രമുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് മുഖ്യമന്ത്രിമാരില്‍ ഏറ്റവും ദരിദ്രന്‍. 30 ലക്ഷം രൂപ ആസ്തിയുള്ള ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും 55 ലക്ഷം രൂപയുടെ ആസ്തിയുള്ള കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുമാണ് മണിക് സർക്കാർ കഴിഞ്ഞാൽ ദരിദ്രരായ മുഖ്യമന്ത്രിമാർ.

മുഖ്യമന്ത്രിമാരില്‍ 55 ശതമാനത്തിനും ഒരു കോടിക്കും 10 കോടിക്കും ഇടയില്‍ ആസ്തിയുണ്ട്. 19 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു കോടി രൂപയില്‍ താഴെ ആസ്തിയുള്ളു. മുഖ്യമന്ത്രിമാരില്‍ 39 ശതമാനം പേരും ബിരുദമുള്ളവരും 32 ശതമാനം പേര്‍ പ്രഫഷണലുകളുമാണ്. 16 ശതമാനം പേര്‍ ബിരുദാനന്തര ബിരുദമുള്ളവരാണ്. 10 ശതമാനം പേര്‍ മാത്രമണ് ഹൈസ്കൂള്യ വിദ്യാഭ്യാസമുള്ളവര്‍. സിക്കിം മുഖ്യമന്ത്രി പി കെ ചാമിലാംഗ് മാത്രമാണ് ഡോക്ടറേറ്റുള്ള ഒരേയൊരു മുഖ്യമന്ത്രി.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട മന്ത്രിമാരിൽ രണ്ടാം സ്ഥാനത്താണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ.11 കേസുകളാണ് അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 22 ക്രിമിനൽ കേസുകളുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഒന്നാമത്. 10 ക്രിമിനല്‍ കേസുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മൂന്നാം സ്ഥാനത്തുണ്ട്.

click me!