റഷ്യന്‍ ലോകകപ്പിലെ കറുത്ത കുതിരകള്‍ക്ക് പിന്നിലെ ശക്തികേന്ദ്രം; തിയറി ഹെന്‍ട്രിയുടെ തന്ത്രങ്ങള്‍ ഇങ്ങനെ

Web Desk |  
Published : Jun 19, 2018, 02:50 PM ISTUpdated : Jun 29, 2018, 04:25 PM IST
റഷ്യന്‍ ലോകകപ്പിലെ കറുത്ത കുതിരകള്‍ക്ക് പിന്നിലെ ശക്തികേന്ദ്രം; തിയറി ഹെന്‍ട്രിയുടെ തന്ത്രങ്ങള്‍ ഇങ്ങനെ

Synopsis

2016 ല്‍ ബെല്‍ജിയത്തിന്‍റെ അസിസ്റ്റന്‍റ് പരിശീലകനായി

മോസ്കോ: റഷ്യന്‍ ലോകകപ്പ് ആവേശഭരിതമായി മുന്നേറുകയാണ്. ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ വമ്പന്‍മാരുടെ കാലിടറുന്ന കാഴ്ചയാണ് പ്രകടമാകുന്നത്. ലോക ചാമ്പ്യന്‍മാരായെത്തിയ ജര്‍മനി പരാജയമേറ്റുവാങ്ങിയപ്പോള്‍ അര്‍ജന്‍റീനയും ബ്രസീലും സമനിലയില്‍ കുടുങ്ങി. കരുത്തരുടെ പോരാട്ടത്തില്‍ സ്പെയിനും പോര്‍ച്ചുഗലും തുല്യത പാലിച്ചപ്പോള്‍ ഇംഗ്ലണ്ടും ഫ്രാന്‍സും ജയിച്ചു കയറി.

റഷ്യന്‍ ലോകകപ്പില്‍ പെരുമയ്ക്കൊത്ത പ്രകടനം ഇവര്‍ക്ക് കാഴ്ചവയ്ക്കാനായോ എന്ന ചോദ്യം ബാക്കിയാകുമ്പോള്‍ ആദ്യ റൗണ്ടില്‍ ഗംഭീര വിജയം നേടിയ ടീമുകള്‍ അധികമില്ല.  ജര്‍മ്മനിയെ തകര്‍ത്ത മെക്സിക്കോയും അര്‍ജന്‍റീനയെ പിടിച്ചുകെട്ടിയ ഐസ് ലാന്‍ഡും ബ്രസീലിന്‍റെ ചിറകരിഞ്ഞ സ്വിറ്റ്സര്‍ലാന്‍ഡുമുണ്ടെങ്കിലും റഷ്യയില്‍ കറുത്ത കുതിരകളാകുക ബെല്‍ജിയമാണെന്ന പ്രതീക്ഷയാണ് ഉയരുന്നത്.

ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഹസാര്‍ഡും സംഘവും നേടിയത്. പേരിനൊത്ത പ്രകടനവുമായി അവര്‍ രണ്ടാം റൗണ്ട് ലക്ഷ്യമിട്ട് മുന്നേറുകയാണ്. പനാമയുടെ ഗോള്‍ മുഖത്ത് ബെല്‍ജിയം നടത്തിയ ആക്രമണങ്ങള്‍ ആരാധകരുടെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ദശകത്തിലേറെയാണ് ലോക റാങ്കിംഗില്‍ മുന്നിലുള്ള ബെല്‍ജിയത്തിന് പക്ഷെ ഇതുവരെയും ലോകകപ്പില്‍ മികവ് തെളിയിക്കാനായിട്ടില്ല.

എന്നാല്‍ ഇക്കുറി കണക്ക് കൂട്ടി തന്നെയാണ് ബെല്‍ജിയം പോരാളികള്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യം മത്സരത്തില്‍ തന്നെ അവരത് പ്രഖ്യാപിക്കുകയും ചെയ്തു. ബെല്‍ജിയത്തിന്‍റെ ആക്രമണ ഫുട്ബോളെന്ന തന്ത്രങ്ങളുടെ പിന്നിലാരാണെന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ആ ചോദ്യം ചെന്ന് നില്‍ക്കുന്നത് ഫ്രാന്‍സിന്‍റെ വിഖ്യാത മുന്നേറ്റക്കാരന്‍ തിയറി ഹെന്‍ട്രിയിലാണ്.

ഹസാര്‍ഡിനെയും ലുക്കാക്കുവിനെയും ഡിബ്രയാനെയും ഒന്നാന്തരം ഫിനിഷറാക്കി മാറ്റിയതില്‍ ഹെന്‍ട്രിയുടെ തിയറിക്കുള്ള പങ്ക് വലുതാണ്. ലോകകപ്പ് ലക്ഷ്യമിട്ട ബെല്‍ജിയം അധികൃതര്‍ ആദ്യം തന്നെ പാളയത്തിലെത്തിച്ചത് ഫ്രാന്‍സിന്‍റെ വിഖ്യാത ഫിനിഷറെയായിരുന്നു. 2016 ല്‍ അസിസ്റ്റന്‍റ് പരിശീലകനായി ഹെന്‍ട്രി വണ്ടിയിറങ്ങിയതുമുതല്‍ ബെല്‍ജിയത്തിന്‍റെ മുന്നേറ്റത്തെ ലോകശക്തികള്‍ ഭയപ്പെടുകയാണ്.

ഫുട്ബോള്‍ ഇതിഹാസമായ തിയറി ഹെന്‍ട്രിയുടെ സാന്നിധ്യമാണ് തങ്ങളുടെ ശക്തിയെന്ന് ലുക്കാക്കു തന്നെ വ്യക്തമാക്കി. ശക്തമായ പോരാട്ടങ്ങള്‍ക്കിടയില്‍ അവസരങ്ങളെ എങ്ങനെ മുതലാക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടെന്നും ലുക്കാക്കു പറഞ്ഞു. മാതാപിതാക്കളുടെ വാക്കുകള്‍ പോലും ഇതുപോലെ കേട്ടിട്ടില്ലെന്നാണ് തിയറി ഹെന്‍ട്രിയോടൊപ്പമുള്ള അനുഭവത്തെക്കുറിച്ച് മിഷി ബാത്ഷുവായ് നേരത്തെ അഭിപ്രായപ്പെട്ടത്. എന്തായാലും ഈ ലോകകപ്പില്‍ ബെല്‍ജിയം അത്ഭുതം കാട്ടിയാല്‍ തിയറി ഹെന്‍ട്രിയുടെ പേരിന്‍റെ മാറ്റ് വര്‍ധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ