
ചങ്ങനാശേരി: ചങ്ങനാശ്ശേരിയിലെ മരണവീട്ടിൽ നിന്ന് ലക്ഷത്തിലേറെ രൂപ മോഷണം നടത്തിയ കളളന്മാർ തൊടുപുഴ പോലീസിന്റെ പിടിയിലായി. സംശയകരമായ സാഹചര്യത്തിൽ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടികൂടിയവരിൽ നിന്ന് മോഷ്ടിച്ചെടുത്ത പണവും കണ്ടെടുത്തു.ഈരാറ്റുപേട്ട സ്വദേശി സുമേഷ് പിണ്ണാക്കനാട് സ്വദേശി ചക്കരയെന്നു വിളിക്കുന്ന ഫ്രാൻസിസ് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് സംശയകരമായ സാഹചര്യത്തിൽ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇവരെ പോലീസ് കാണുന്നത്. ദേഹപരിശോധന നടത്തിയതിൽ ലക്ഷത്തിലധികം രൂപയും കണ്ടെത്തി. ഈപണം സംബന്ധിച്ച മറുപടി തൃപ്തികരമല്ലാത്തിതിനാൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഈമാസം പതിനാറിന് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലുളള കാഞ്ഞിരക്കാട്ടു വീട്ടിൽ നിന്നു മോഷ്ടിച്ചതാണെന്നിവർ കുറ്റസമ്മതം നടത്തിയത്.
മരിച്ചയാളുടെ മൃതദേഹം വീട്ടിലെത്തിച്ച അവസരത്തിലെ തിരക്കു മുതലെടുത്തായിരുന്നു മോഷണം നടത്തിയതെന്നും പ്രതികൾ സമ്മതിച്ചു. പ്രതികൾ രണ്ടുപേരും സ്ഥിരം മോഷ്ടാക്കളാണെന്ന് പോലീസ് പറഞ്ഞു. മാലമോഷണം ഭവനഭേദനം പിടിച്ചുപറി തുടങ്ങിയ കേസുകളിൽ രണ്ടു പേരും പലതവണ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 26-ഓളം കവർച്ച കേസുകളിൽ പ്രതിയായിട്ടുളള ഫ്രാൻസിസ് അടുത്തിടെയാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. ജയിലിൽ വച്ചുളള പരിചയമാണ് ഇരുവരും ചേർന്നുളള മോഷണത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച തൊടുപുഴ വെങ്ങല്ലൂരിലെ രണ്ടു വീടുകളിൽ നടന്ന മോഷണവുമായ് ബന്ധപ്പെട്ട അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam