
തിരുവനന്തപുരം: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ടി പി വധക്കേസ് പ്രതികളുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കിർമാണി മനോജുൾപ്പടെയുള്ളവർ പരോളിലിറങ്ങി എങ്ങോട്ട് പോയെന്ന് അന്വേഷിക്കണം. കൊല നടത്തുന്നതിന് മുമ്പ് യുവാക്കളെ ഇടിച്ചിട്ട വാഹനം എവിടെയാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് അന്വേഷിക്കണമെന്നും തിരുവഞ്ചൂർ ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവർ' ചർച്ചയിൽ ആവശ്യപ്പെട്ടു.
ടി പി വധക്കേസിലെ രണ്ട് പ്രതികൾക്ക് ഈ കൊലപാതകം നടക്കുന്നതിന് മുമ്പ് പരോൾ നൽകി പുറത്തുവിട്ടിട്ടുണ്ട്. അടിയന്തരമായ കാര്യങ്ങൾക്ക് മാത്രമേ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിക്കാറുള്ളൂ. കിർമാണി മനോജിനും റഫീഖിനും അത്തരമെന്ത് ഗുരുതരമായ ആവശ്യമാണ് ഉണ്ടായിരുന്നത്? പരോൾ വാങ്ങി ഇരുവരും എങ്ങോട്ടാണ് പോയതെന്നതിന് മുഖ്യമന്ത്രി തന്നെ മറുപടി പറയണം.
കൃപേഷ് ബൈക്കിൽ പോകുമ്പോൾ പിന്നിൽ നിന്ന് വാഹനത്തിൽ വന്ന് ഒറ്റ വെട്ടായിരുന്നു. ആ ഒറ്റ വെട്ടിന് തല പിളർന്നു. എങ്ങനെ അത്തരമൊരു വെട്ട് വെട്ടാൻ സാധാരണ ഒരാൾക്ക് കഴിയും? വളരെ പരിചയമുള്ള ഒരു ഗുണ്ടയ്ക്ക് മാത്രമേ അത്തരമൊരു കൃത്യം നടത്താനാകൂ. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾ അന്വേഷിക്കാൻ ഇവിടത്തെ പൊലീസിനാകില്ല. കേസിൽ സിബിഐ അന്വേഷണം നടത്തിയേ മതിയാകൂ - തിരുവഞ്ചൂർ പറഞ്ഞു.
എന്നാൽ ഇതിനൊക്കെ തെളിവെവിടെ എന്നായിരുന്നു സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍റെ ചോദ്യം. ഇത്തരമൊരു ആരോപണത്തിന് തെളിവുണ്ടെങ്കിൽ അത് നൽകണം. തെളിവ് നൽകിയാൽ അത് അന്വേഷിക്കാൻ കേരളത്തിലെ ആഭ്യന്തരവകുപ്പ് തയ്യാറാണെന്നും ആനത്തലവട്ടം വ്യക്തമാക്കി.
കാസർകോട് ഇരട്ടക്കൊലപാതകത്തിന് പിന്നിൽ കുടുംബവൈരമാണെന്ന നിലപാട് ആനത്തലവട്ടവും ആവർത്തിച്ചു. ദീർഘകാലമായി തമ്മിൽ പകയുണ്ടായിരുന്ന കുടുംബങ്ങൾക്കിടയിലാണ് ഇത്തരം കൊലപാതകങ്ങൾ ഉണ്ടായത്. കൊല നടത്താൻ രാഷ്ട്രീയബന്ധം ഉപയോഗിച്ചു എന്നത് തെറ്റാണ്. അതിനാലാണ് ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെതിരെ പാർട്ടി നടപടിയെടുത്തത് - ആനത്തലവട്ടം വിശദീകരിക്കുന്നു.
എന്നാൽ, രാഷ്ട്രീയമായ കാരണങ്ങളാണ് കൊലപാതകമെന്ന എഫ്ഐആറിനെക്കുറിച്ച് അവതാരകൻ ആവർത്തിച്ചു ചോദിച്ചിട്ടും ആനത്തലവട്ടം കൃത്യമായ മറുപടി നൽകിയില്ല. പാർട്ടി നടത്തിയ അന്വേഷണപ്രകാരം കൊലപാതകം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് വ്യക്തമായെന്ന മറുപടി മാത്രമാണ് ആനത്തലവട്ടം നൽകിയത്.
ന്യൂസ് അവറിൽ തിരുവഞ്ചൂരിന്‍റെ പ്രതികരണം കാണാം, ചുവടെ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam