തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് മന്ത്രിസഭയില്‍

By Web DeskFirst Published Oct 25, 2017, 6:09 AM IST
Highlights

തിരുവവന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. റിപ്പോർട്ടിൽ ചട്ട ലംഘനം ഉണ്ടെന്നും നിയമപരമായ നടപടി വേണമെന്നും റവന്യൂമന്ത്രി രേഖമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ആലപ്പുഴ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 

അതേ സമയം ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ കേസുള്ളപ്പോള്‍ കളക്ടർ റിപ്പോർട്ട് തയ്യാറാക്കിയത് കോടതി അലക്ഷ്യമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടർ വേള്‍ഡ് ടൂറിസം ഉന്നയിക്കുന്ന ആരോപണം. 

ഇക്കാര്യം തോമസ് ചാണ്ടി തന്നെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിശദീകരിക്കുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ വിശദമായ നിയമോപദേശവും സർക്കാരിന്‍റെ പരിഗണനയിലാണ്.

അതേസമയം മന്ത്രി തോമസ് ചാണ്ടി വിഷയത്തിൽ സര്‍ക്കാരിനെതിരെ  പ്രതിപക്ഷം നിലപാട് ശക്തമാക്കുന്നു . തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള  തുടര്‍ സമരപരിപാടികള്‍ ഇന്നു തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ചര്‍ച്ച ചെയ്യും.  സോളാര്‍ വിഷയത്തിലെ മുന്നണിയുടെ രാഷ്ട്രീയപ്രചാരണ പരിപാടികളും യോഗം തീരുമാനിക്കും. 

പ്രതിപക്ഷ നേതാവ് നടത്തുന്ന യാത്രയുടെ മുന്നൊരുക്കങ്ങളും ചര്‍ച്ചയാകും . ഇതിനായി തെക്കൻ കേരളത്തിലെ യു.ഡി.എഫ് ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കുന്ന യോഗവും  ചേരുന്നുണ്ട്.

click me!