സാലറി ചലഞ്ചിന് പെന്‍ഷന്‍കാരെ നിര്‍ബന്ധിക്കില്ല: തോമസ് ഐസക്

By Web TeamFirst Published Sep 22, 2018, 6:10 PM IST
Highlights

സമ്മതമുള്ള പെന്‍ഷന്‍കാര്‍ മാത്രം സാലറി ചലഞ്ചില്‍ പണം കൈമാറിയാല്‍ മതിയെന്ന് ധനമന്ത്രി തോമസ് ഐസക്. താല്‍പര്യമുളളവര്‍ ട്രഷറിയില്‍ സമ്മതപത്രം കൈമാറണമെന്നും മന്ത്രി. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.  

തിരുവനന്തപുരം: സമ്മതമുള്ള പെന്‍ഷന്‍കാര്‍ മാത്രം സാലറി ചലഞ്ചില്‍ പണം കൈമാറിയാല്‍ മതിയെന്ന് ധനമന്ത്രി തോമസ് ഐസക്. താല്‍പര്യമുളളവര്‍ ട്രഷറിയില്‍ സമ്മതപത്രം കൈമാറണമെന്നും മന്ത്രി. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

സാലറി ചലഞ്ചിനോട് നോ പറയാനുളള സമയം ഇന്ന് അവസാനിച്ചപ്പോള്‍ വ്യത്യസ്ത കണക്കുകളുമായി സര്‍വീസ് സംഘടനകള്‍ രംഗത്തെത്തി‍. സംസ്ഥാനത്ത് 15 ശതമാനം ജീവനക്കാര്‍ മാത്രമാണ് വിസമ്മത പത്രം നല്‍കിയതെന്ന് ഭരണാനകൂല സംഘടനകള്‍ പറയുമ്പോള്‍ സെക്രട്ടേറിയറ്റില്‍ മാത്രം 30 ശതമാനത്തിലേറെ പേര്‍ നോ പറഞ്ഞതായി പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെട്ടു. 

സെക്രട്ടറിയറ്റില്‍ ആകെയുളള 4700 ജീവനക്കാരില്‍ നോ പറഞ്ഞത് 698. എന്നാല്‍ പ്രതിപക്ഷ സംഘടനകളുടെ അവകാശവാദം 1665. ഔദ്യോഗിക കണക്കു പുറത്തുവരാന്‍ ദിവസങ്ങളെടുക്കും. അതേസമയം, ചാലറി ചലഞ്ചിലേക്ക് പെന്‍ഷന്‍ കാരെ നിര്‍ബന്ധികക്കില്ലെന്ന് പെന്‍ഷന്‍ സംഘടനകളുമായി ചര്‍ച്ചയില്‍ ധനമന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ കാര്‍ വിസമ്മത പത്രം നല്‍കേണ്ടെന്നും മന്ത്രി പറഞ്ഞു. 

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍നിര്‍മാണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ച് സമൂഹമൊന്നാകെ ഏറ്റെടുതെങ്കിലും ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണണെന്ന ധനവകുപ്പ് ഉത്തരവ് സര്‍ക്കാര്‍ ഓഫീസുകളെ രണ്ടു തട്ടിലാക്കി.  വിസമ്മത പത്രം നല്‍കാനുളള സമയം അവസാന ദിനം ഭരണാനുകൂല സംഘടനകള്‍ നോ പറഞ്ഞവരെ പിന്തിരിപ്പിക്കാന്‍ പലിശയില്ലാ വായ്പയടക്കം ഓഫര്‍ ചെയ്ത് രംഗത്തെത്തി.

അതേസമയം, കൂട്ടത്തോടെ വിസമ്മത പത്രം നല്‍കിക്കാനായിരുന്നു പ്രതിപക്ഷ ശ്രമം. ഒരു മാസം ശമ്പളത്തിനായി ചെലവിടുന്ന 2300 കോടിയോളം രൂപ സമാഹരിക്കാമെന്നായിരുന്നു ധനവകുപ്പിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ഉദ്യോഗസ്ഥ  ചേരിപ്പോരിനൊടുവില്‍ എത്രത്തോളം തുക ദുരിതാശ്വാസ നിധിയിലെത്തുമെന്നറിയാന്‍ ഇനിയും ദിവസങ്ങള്‍ കഴിയും. 

click me!