Latest Videos

എവിടെയും ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍; ക്യാമ്പുകളില്‍ നിന്ന് വീട്ടിലെത്തിയവര്‍ കണ്ണീര്‍ വാര്‍ക്കുന്നു

By Web TeamFirst Published Aug 24, 2018, 7:10 PM IST
Highlights

റേഷന്‍ കാര്‍ഡ്, ആധാരം, ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള സകല രേഖകളും നഷ്ടമായവരാണ് ഇവരില്‍ ഏറെയും. വെള്ളമിറങ്ങിയ വീടുകളിലെ വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും മുതല്‍ സകല സാധനങ്ങളും ഉപയോഗം സാധ്യമാവാത്തവിധം നശിച്ചു

മാന്നാര്‍: മഹാപ്രളയത്തിന്‍റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ വിമുക്തമായിട്ടില്ല. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വീടുകള്‍ വിട്ട് ക്യാമ്പുകളില്‍ അഭയം തേടിയവര്‍ മടങ്ങിപ്പോക്ക് ആരംഭിച്ചതോടെ ദുരിതത്തിന്‍റെ വ്യാപ്തി വര്‍ധിക്കുകയാണ്. വെള്ളമിറങ്ങിയതോടെ ക്യാമ്പുകളില്‍ നിന്നും ശുചീകരണത്തിനായി തിരികെ വീടുകളിലെത്തിയവരുടെ ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് എല്ലായിടത്തും.

റേഷന്‍ കാര്‍ഡ്, ആധാരം, ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള സകല രേഖകളും നഷ്ടമായവരാണ് ഇവരില്‍ ഏറെയും. വെള്ളമിറങ്ങിയ വീടുകളിലെ വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും മുതല്‍ സകല സാധനങ്ങളും ഉപയോഗം സാധ്യമാവാത്തവിധം നശിച്ചു. വീട് താമസയോഗ്യമാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട അവസ്ഥയുള്ളവരുമുണ്ട്.

പ്രളയ ജലത്തില്‍ എല്ലാം നഷ്ടപ്പെട്ടതിന്‍റെ വിറങ്ങലില്‍ നിന്നും മോചനം ലഭിച്ചില്ലെങ്കിലും അതിജീവനത്തിനായി മനസിനെ ഒരുക്കുകയാണ് എല്ലാവരും. പ്രളയം ആഞ്ഞടിച്ച ചെങ്ങന്നൂര്‍, പാണ്ടനാട്, മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല തൃപ്പെരുന്തുറ എന്നിവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു.

കഴുകുന്തോറും അഴുക്ക് കൂടി വരികയാണെന്നും പശയുള്ള ചെളി നീക്കം ചെയ്യാന്‍ പ്രയാസകരമാണെന്നും വീട്ടമ്മമാര്‍ പറയുന്നു. കിണറുകളില്‍ ചെളികലര്‍ന്ന് കുടിവെള്ളവും മലിനമായി. എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍, വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, ഫര്‍ണിച്ചറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എല്ലാം നശിച്ചു. കട്ടിലുകളും മറ്റും ഒഴുകിപ്പോയി.

ലക്ഷക്കണിക്കിന് രൂപയുടെ നഷ്ടമാണ് പല കുടുംബങ്ങള്‍ക്കും ഉണ്ടായത്. പല വീടുകളുടെയും കക്കൂസുകള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിയെത്തിയ ബോട്ടുകളുടെ ഓളത്തിന്‍റെ ശക്തിയില്‍ കെട്ടിടങ്ങള്‍ക്ക് ബലക്ഷയം ഉണ്ടായി. സൂക്ഷിച്ചിരുന്ന തേങ്ങകളും മറ്റ് കൃഷികളും വെള്ളം കയറി നശിച്ചു. റോഡിന്‍റെ വശങ്ങളും, വീടുകളുടെ സംരക്ഷണ മതിലുകളും മിക്കയിടത്തും തകര്‍ന്നു വീണു. സര്‍ക്കാരിന്‍റെ ഉറപ്പുകള്‍ പാലിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് എല്ലാവരും ജീവിതം തള്ളി നീക്കുന്നത്.

click me!