ശബരിമലയിൽ അക്രമം കാട്ടിയവർക്ക്‌ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു: എ ജി

By Web TeamFirst Published Nov 27, 2018, 2:58 PM IST
Highlights

ശബരിമലയിൽ അക്രമം കാട്ടിയവർക്ക്‌ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു എന്ന് എജി. ശരണം വിളിച്ചതുകൊണ്ട് മാത്രം നിയമ വിരുദ്ധമായി കൂട്ടം കൂടി എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി: ശബരിമലയിൽ അക്രമം കാട്ടിയവർക്ക്‌ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു എന്ന് എജി. ശരണം വിളിച്ചതുകൊണ്ട് മാത്രം നിയമ വിരുദ്ധമായി കൂട്ടം കൂടി എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റേതെങ്കിലും പ്രവർത്തികളിൽ കൂടി പങ്കുണ്ടാവണം, അതെന്താണെന്നും കോടതി ചോദിച്ചു . ഹോട്ടലുകളും താമസ സൗകര്യങ്ങളും അടച്ചിടാനുള്ള പൊലീസ് നിർദേശം എന്തിനാണെന്നും കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും അവിടെ കുടുങ്ങി പോയില്ലേ എന്നും കോടതി ചോദിച്ചു.

അതേസമയം ശബരിമല വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന് നിലപാട് എടുക്കാൻ ആവില്ലെന്ന് എജി ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമലയിലെ പൊലിസ് നടപടി സംബന്ധിച്ച് നൽകിയ വിശദികരണത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

പ്രതിഷേധം നടത്തുന്നവർക്കെതിരെയാണ് പൊലിസ് നടപടി സ്വീകരിക്കുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകും. പക്ഷേ പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എജി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഹൈക്കോടതിക്കും ഉത്തരവാദിത്വമുണ്ടെന്നും എജി ചൂണ്ടിക്കാണിച്ചു.

ക്രമസമാധാനം തകരുമോയെന്ന് പറയാൻ പൊലീസിനു മാത്രമാണ് അധികാരം. നിരോധനാജ്ഞ പുറപ്പെടുവിക്കാൻ പൊലിസിന് ആവശ്യപ്പെടാമെന്നും എജി അറിയിച്ചു. അതിക്രമം നടത്തിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ നടപടി എടുക്കണം എന്ന സ്പെഷ്യൽ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കണം എന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 
 

click me!