Latest Videos

പ്രതിഷേധം കനത്തു; ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ മടങ്ങുന്നു

By Web TeamFirst Published Jan 16, 2019, 7:52 AM IST
Highlights

യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി. പൊലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. ബലംപ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ പറഞ്ഞു.

പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ രണ്ട് യുവതികളും മടങ്ങി. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിന്‍റേയും ഷനിലയുടെയും മടക്കം. യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി. പൊലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. ബലംപ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ പറഞ്ഞു. കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല ദര്‍ശനത്തിനായി ഒന്‍പത് അംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്.

പുലര്‍ച്ചെ നാലരയോടെയാണ് യുവതികളെ നീലിമലയില്‍ തടഞ്ഞത്. മൂന്നേകാല്‍ മണിക്കൂറോളമാണ് ഇവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നീലിമലയില്‍ നില്‍ക്കേണ്ടി വന്നത്. എന്നാല്‍ സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കിയിരുന്നു. മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. ദര്‍ശനം നടത്താനായില്ലെങ്കില്‍ മാല അഴിക്കില്ലെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍  പ്രതിഷേധം കനത്തതോടെ യുവതികളെ പൊലീസിന്‍റെ ഇടപെടല്‍ മൂലം തിരിച്ചിറക്കുകയായിരുന്നു. 

click me!