
കോതമംഗലം: പ്രളയത്തിൽ ഉരുൾപൊട്ടിയ കോതമംഗലം ക്ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയെന്ന് വിദഗ്ദ്ധ സംഘം. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 50ലേറെ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഉരുൾ പൊട്ടൽ ഭീഷണി ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
മഹാപ്രളയത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നശിച്ചത് ഏക്കറുകണക്കിന് കൃഷിഭൂമിയാണ്. കൂറ്റൻ പാറക്കല്ലുകളും വൻ മരങ്ങളും പതിച്ച് വീടുകൾക്കും കനത്ത നാശനഷ്ടമുണ്ടായി. പ്രദേശത്ത് അരകിലോമീറ്റർ നീളത്തിൽ വിള്ളലുമുണ്ടായതോടെ പ്രാണഭീതിയുമായി അഞ്ച് കുടുംബങ്ങൾ ക്ണാച്ചേരി വിട്ട് സമീപസ്ഥലങ്ങളിലേക്ക് താമസം മാറി.
ജനങ്ങളുടെ ആശങ്കയേ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തിയ റവന്യൂ സംഘത്തിന്റെ നിർദേശപ്രകാരമാണ് വിദഗ്ദസംഘം ക്ണാച്ചേരിയിൽ എത്തിയത്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് രൂപപ്പെട്ട വിള്ളൽ അപകടകരമെന്ന് എട്ടംഗ സംഘം വിലയിരുത്തി. വിള്ളലിലൂടെ വെള്ളമിറങ്ങുന്നത് വീണ്ടും ഉരുൾപൊട്ടലിന് കാരണമാകുമെന്നാണ് കണ്ടെത്തൽ.
പ്രദേശത്തുള്ള പാറകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും പരിശോധനയിൽ തെളിഞ്ഞു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് വിശദ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ടതുണ്ടോ എന്ന കാര്യം തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam