ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെ ആക്രമിച്ച മൂന്ന് പേർ കൂടി അറസ്റ്റിൽ

By Web TeamFirst Published Jan 22, 2019, 6:30 PM IST
Highlights

ഹര്‍ത്താല്‍ ദിനത്തിൽ പൊലീസിനെ ആക്രമിച്ച മൂന്ന് പേർ കൂടി അറസ്റ്റിൽ. ആക്രമണത്തിനെത്തിയവരുടെ ബൈക്കുകൾ കൂട്ടത്തോടെ പൊലീസ് സ്‌റ്റേഷനിൽ. ചങ്ങരംകുളത്ത് മാത്രം 32 ബൈക്കുകൾ.

മലപ്പുറം: ശബരിമല കർമ്മ സമിതിയുടെ ഹർത്താലിനിടെ മലപ്പുറം പൊന്നാനിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ വൈശാഖ്,രഞ്ജിത്ത്,ബിനീഷ് എന്നിവരാണ് അറസ്റ്റിലായത്. സംഘർഷത്തിനിടെ ഉപേക്ഷിച്ച എട്ടണ്ണമടക്കം എടപ്പാളിൽ മാത്രം 32 ബൈക്കുകള്‍ ഇപ്പോഴും ഉടമസ്ഥരെക്കാത്ത് പൊലീസ് കസ്റ്റഡിയിലുണ്ട്.

ഇതോടെ ഹർത്താലിനിടെ എസ് ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. എടപ്പാളിലെ സംഘര്‍ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത 32 ബൈക്കുകളും ഇപ്പോഴും ഉടമസ്ഥരെക്കാത്ത് ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് ഉള്ളത്. ഇതില്‍ പതിനൊന്ന് ബൈക്കുകളുടെ ഉടമസ്ഥര്‍ കേസുകളില്‍ പ്രതികളാണ്. ബാക്കി 13 ബൈക്കുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരുന്നേയുള്ളൂ. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ബൈക്കുകള്‍ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. എട്ട് ബൈക്കുകള്‍  സിപിഎം പ്രവര്‍ത്തകര്‍ വിരട്ടി ഓടിച്ചതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലുപേക്ഷിച്ച് ഓടിയവരുടേതാണ്.

കേസില്‍ പ്രതികളാവുമെന്ന ഭയത്തില്‍ ഇവരാരും ബൈക്കുകള്‍ ആവശ്യപെട്ട് പൊലീസ് സ്റ്റേഷനിലേക്ക് ഇതുവരെ എത്തിയിട്ടില്ല.പൊന്നാനി എസ് ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റിയ ആക്രമണമായതിനാല്‍ പൊലീസ് പഴുതടച്ചുള്ള അന്വേഷണവും അറസ്റ്റുമാണ് നടത്തുന്നത്.ഇതുകൊണ്ടാണ് ബൈക്കിന്‍റെ അവകാശികളാരും പൊലീസിനെ സമീപിക്കാത്തത്.

click me!