എടപ്പാൾ ഓട്ടം: ഉപേക്ഷിക്കപ്പെട്ട ബൈക്കുകൾ വിട്ടുകൊടുക്കാതെ പൊലീസ്

By Web TeamFirst Published Jan 22, 2019, 5:41 PM IST
Highlights

ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാള്‍ ജംഗ്ഷനില്‍ വച്ച് സിപിഎം-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പിന്നീട് വൈറലായിരുന്നു.

മലപ്പുറം: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ എടപ്പാള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ബൈക്കുകള്‍ സ്റ്റേഷന്‍ വളപ്പില്‍ കിടന്നു നശിക്കുന്നു. ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ അക്രമികള്‍ ഉപേക്ഷിച്ചു പോയതും പൊലീസ് പിടിച്ചെടുത്തതുമായ ബൈക്കുകളാണ് പൊന്നാനി, ചങ്ങരകുളം പൊലീസ് സ്റ്റേഷനുകളിലായി വെയിലും മഞ്ഞുമേറ്റ് നശിച്ചു കൊണ്ടിരിക്കുന്നത്. 

ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാള്‍ ജംഗ്ഷനില്‍ വച്ച് സിപിഎം-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പിന്നീട് വൈറലായിരുന്നു. എടപ്പാള്‍ ടൗണില്‍ സംഘടിച്ചു നിന്ന ഒരു വിഭാഗവും  അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബൈക്കിലെത്തിയവരെ എതിര്‍വിഭാഗം വളഞ്ഞിട്ട് അടിച്ചതോടെ ആദ്യമെത്തിയവര്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഓടി പോകുകയായിരുന്നു. 

ബൈക്ക് റോഡില്‍ കളഞ്ഞ് ഓടിപോയത് ആരാണെന്നതിനെ ചൊല്ലി പിന്നീടുള്ള ദിവസങ്ങളില്‍ സിപിഎം-സംഘപരിവാര്‍ പ്രവര്‍ത്തകര്‍  സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പോരാടിച്ചിരുന്നു. എടപ്പാള്‍ ഓട്ടത്തിനിടെ റോഡില്‍ ഉപേക്ഷിച്ചു പോയ എട്ട് ബൈക്കുകള്‍ ഇപ്പോള്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷനില്‍ കിടന്നു തുരുമ്പെടുക്കുകയാണ്. അക്രമസംഭവങ്ങള്‍ക്കിടെ റോഡിൽ സംശയാസ്പദമായ നിലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 26 ബൈക്കുകള്‍ പൊന്നാനി സ്റ്റേഷനിലും കിടപ്പുണ്ട്. 

ഹര്‍ത്താല്‍ ദിനത്തില്‍ പൊന്നാനി-എടപ്പാള്‍ മേഖലയിലുണ്ടായ അക്രമങ്ങളില്‍ നാല് പൊലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പൊന്നാനി എസ്.ഐ നൗഷാദിന്‍റെ കൈ തല്ലിയൊടിച്ച കേസിലെ പ്രതികളുടേതടക്കമുള്ള ബൈക്കുകള്‍ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണത്തില്‍ കൈയെല്ല് പൊട്ടിയ എസ്.ഐ നൗഷാദ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് ഇപ്പോൾ.

ബൈക്കുകളുടെ നമ്പർ പരിശോധിച്ച പൊലീസ്  ഉടമസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരേയും അങ്ങോട്ട് തിരഞ്ഞു പോയിട്ടില്ല. ബൈക്ക് ഉടമകളില്‍ ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ബൈക്ക് പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് ഉറപ്പിച്ചെങ്കിലും സ്റ്റേഷനില്‍ നേരിട്ട് ഹാജരായില്ല. ബൈക്ക് തേടി നേരിട്ട് സ്റ്റേഷനിലെത്തിയവരോടാവട്ടെ അന്വേഷണം പൂര്‍ത്തിയായ ശേഷമേ ബൈക്ക് വിട്ടുതരാനാവൂ എന്നാണ് പൊലീസ് പറയുന്നത്. 

click me!