
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കെന്ന വ്യാജേന ബക്കറ്റ് പിരിവ് നടത്തി പണം തട്ടിയ മൂന്ന് യുവാക്കളെ കണ്ണൂരിൽ അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. മദ്യപാനത്തിനിടെ തോന്നിയ ഐഡിയയായിരുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
വിപണന മേളകൾ കൊണ്ട് തിരക്കേറിയ പൊലീസ് മൈതാനത്തായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന് എഴുതിയൊട്ടിച്ച ബക്കറ്റുമായി മൂന്നംഗ സംഘത്തിന്റെ പിരിവ്. ബക്രീദ് ദിനത്തിലെ തിരക്ക് മുതലെടുത്തായിരുന്നു തട്ടിപ്പ്. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ്. 3540 രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു
മോഷണവും കഞ്ചാവ് വിൽപ്പനയും ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളായ ചക്കരക്കൽ റിഷബ്, അലവിൽ സ്വദേശി സഫാൻ, കക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ (23) എന്നിവരെയാണ് പിടിയിലായത്. സമാനമായ രീതിയിൽ തട്ടിപ്പുകൾ നടക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.