പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മൂന്നുപേരെ നാട്ടുകാരും അധ്യാപകരും തല്ലിക്കൊന്നു

By Web TeamFirst Published Sep 8, 2018, 12:41 PM IST
Highlights

ശബ്ദം കേട്ട് ഓടിയെത്തിയ ​​ഗ്രാമീണരാണ് മൂന്ന് പേരെ നിർദ്ദയം കൈകാര്യം ചെയ്തത്. ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും. നാലുപേരിലൊരാൾ ഓടിരക്ഷപ്പെട്ടു. 
 

ബീഹാർ: ക്ലാസ്സ് റൂമിനുള്ളിൽ കയറി പതിനൊന്ന് വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച മൂന്നുപേരെ അധ്യാപകരും വിദ്യാർത്ഥികളും ​ഗ്രാമവാസികളും ചേർന്ന് തല്ലിക്കൊന്നു. പട്നയിലെ ബെ​ഗുസാരൈ ജില്ലയിലെ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയെയും കൊണ്ട് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പിടികൂടിയതെന്ന് അധ്യാപകർ പറയുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ നാല് പേരാണ് ബൈക്കിൽ സ്കൂളിലെത്തിയത്. 

കുട്ടിയുടെ ക്ലാസ്സ് അന്വേഷിച്ച് നടന്ന ഇവർ പ്രധാനാധ്യാപികയുടെ മുറിയിലെത്തി. കുട്ടി എത്തിയില്ലെന്ന് പറഞ്ഞപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഭയന്നുപോയ പ്രധാനാധ്യാപിക ബോധരഹിതയായി വീണു. ഇത് കണ്ട കുട്ടികളെല്ലാരും ഉച്ചത്തിൽ നിലവിളിച്ചു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ ഓടിവന്നത്. ക്രിമിനലുകളെ വളഞ്ഞിട്ട് പിടിക്കാൻ ഇവരും സഹായിച്ചു. ഇവരുടെ ശബ്ദം കേട്ട് ഓടിയെത്തിയ ​​ഗ്രാമീണരാണ് മൂന്ന് പേരെ നിർദ്ദയം കൈകാര്യം ചെയ്തത്. ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കും. നാലുപേരിലൊരാൾ ഓടിരക്ഷപ്പെട്ടു. 

മുകേഷ് മഹ്തോ, ശ്യാം സിം​ഗ്, ഹീരാ സിം​ഗ് എന്നിവരാണ് കൊല്ലപ്പെട്ട പ്രതികൾ. കൊലപാതക്കേസുകളിലും മോഷണക്കേസുകളിലും പ്രതികളാണ് മരിച്ച മൂന്നു പേരും. എന്നാൽ എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഇവർ ശ്രമിച്ചതെന്ന കാര്യം വ്യക്തമല്ല. കൃത്യമായ നീതി നടപ്പാക്കിയെന്നാണ് ​ഗ്രാമവാസികളുടെ പ്രതികരണം. 

click me!