കാട്ടുപന്നിയുടെ മാംസം കഴിച്ച് കോമയിലായ കുടുംബത്തിന് സഹായവുമായി ബന്ധുക്കള്‍ ന്യൂസിലാന്‍റിലേക്ക്

By Web deskFirst Published Nov 20, 2017, 7:55 AM IST
Highlights

കൊല്ലം: കാട്ടുപന്നിയുടെ മാംസം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസിലാന്‍റിലേക്ക്. കൊട്ടാരക്കര സ്വദേശിയായ  ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി ബാബു, മാതാവ്​ ഏലിക്കുട്ടി എന്നിവരാണ്​ ന്യൂസിലാന്‍റിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇവരെ സഹായിക്കാനായി ഷിബുവിന്‍റെ സഹോദരി ഷീന, സുബിയുടെ സഹോദരന്‍ സുനില്‍ എന്നിവരാണ് യാത്ര തിരിച്ചത്. ഞായറാഴ്ച രാത്രി പത്തരയുടെ വിമാനത്തിലായിരുന്നു യാത്ര. 

വീട്ടിൽ നിന്ന്​ രാത്രി ഭക്ഷണം കഴിച്ച കുടുംബത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 1983ന് ശേഷം ഇതാദ്യമായാണ് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഇവരെ ചികില്‍സിക്കുന്ന ഡോക്‌ടര്‍മാര്‍ പറയുന്നു. ശരീരത്തിലെ വിഷാംശം പൂര്‍ണമായും മാറി ഇവര്‍ ബോധം വീണ്ടെടുക്കാന്‍ രണ്ടുമാസമെടുക്കുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇവരുടെ ഒന്നും ഏഴും വയസ് പ്രായമായ രണ്ട്​ കുട്ടികൾ ഇറച്ചി കഴിക്കാത്തതിനാൽ വിഷബാധയേൽക്കാതെ രക്ഷപ്പെട്ടു. ദ ടെലഗ്രാഫ്​ ന്യൂസ്​ ഉൾപ്പെടെയുള്ള അന്താരാഷ്​ട്ര മാധ്യമങ്ങളിൽ വരെ മലയാളി കുടുംബത്തി​ന്‍റെ അപകടം പ്രാധാന്യത്തോടെ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 

വെള്ളിയാഴ്​ച രാത്രിയാണ്​ ഇവരെ വീട്ടിൽ അബോധാവസ്​ഥയിൽ കണ്ടതെന്ന്​ ഇവരുടെ കുടുംബസുഹൃത്തായ ജോജി വർഗീസ്​ പറയുന്നു. ഭക്ഷണം കഴിച്ച്​ അരമണിക്കൂറിനകം ശക്​തമായ ഛർദി അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബാബു എമർജൻസി സർവീസിൽ സഹായം തേടി. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര ഭക്ഷ്യവിഷബാധയാണ്​ അപകട കാരണമെന്ന്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. ഗുരുതരാവസ്​ഥയിൽ കഴിയുന്ന മൂവരും പ്രതികരിക്കുന്നുമില്ല. ചുരുങ്ങിയത്​ രണ്ട്​ മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ  ചികിൽസയിൽ പുരോഗതി കാണാനാകൂ എന്നാണ്​ വിദഗ്​ദ മെഡിക്കൽ സംഘം പറയുന്നത്​. അഞ്ച്​ വർഷം മുമ്പാണ്​ ഇവർ ന്യൂസിലൻറിൽ എത്തിയത്​. മാതാവ്​ സമീപകാലത്ത്​ വിസിറ്റിങ്​ വിസയിൽ എത്തിയതുമായിരുന്നു.

വേട്ടയാടി കഴിച്ച കാട്ടുപ്പന്നിയുടെ മാംസമാണ്​ ഭക്ഷ്യവിഷബാധക്ക്​ കാരണമെന്നാണ്​ നിഗമനം. ന്യൂസിലാന്‍റിലെ ആരോഗ്യവകുപ്പ്​ അപകട കാരണം പരിശോധിച്ചുവരികയാണ്​. ആരോഗ്യ അവസ്ഥയിൽ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ ഷിബുവി​ന്‍റെ രണ്ട്​ കുട്ടികളെയും ‘ഹാമിൽട്ടൺ മാർത്തോമാ കോൺഗ്രിഗേഷ​ന്‍റെ’  സംരക്ഷണയിൽ  പാർപ്പിച്ചിരിക്കുകയാണ്. 

click me!