
കൊച്ചി: പന്ത്രണ്ട് മണിക്കൂറിലധികം നീണ്ട നാടകീയതകൾക്കൊടുവിൽ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പൂനെയിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു. വിമാനത്താവളത്തിന് പുറത്ത് നടന്ന കടുത്ത പ്രതിഷേധത്തെത്തുടർന്നാണ് തൃപ്തി ദേശായിയും കൂടെ വന്ന ആറ് സ്ത്രീകളും മടങ്ങാൻ തീരുമാനിച്ചത്. വൈകിട്ട് ഒമ്പതരയോടെയുള്ള ഫ്ലൈറ്റിനാണ് തൃപ്തി ദേശായി മടങ്ങിപ്പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പൊലീസിനെ തൃപ്തി ദേശായി അറിയിച്ചു.
പോയാലും മടങ്ങി വരുമെന്ന് തൃപ്തി ദേശായി
ഇപ്പോൾ മടങ്ങിപ്പോയാലും താൻ തിരികെ വരുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുണ്ട്. ഈ മണ്ഡലകാലത്ത് തന്നെ ശബരിമല ദർശനം നടത്താൻ തിരികെ വരുമെന്നാണ് തൃപ്തി ദേശായി വ്യക്തമാക്കിയിരിക്കുന്നത്. നിയമത്തിന്‍റെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയുടെയും അടിസ്ഥാനത്തിലാണ് താൻ വന്നതെന്നും മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും നേരത്തേ അവർ പല തവണ വ്യക്തമാക്കിയിരുന്നതാണ്.
നിയമവഴി തേടാൻ നീക്കം; പിന്നീട് ഉപേക്ഷിച്ച് മടക്കം
നിലയ്ക്കൽ വരെ എത്തിയാൽ അവിടെ നിന്ന് അങ്ങോട്ട് സുരക്ഷ നൽകാമെന്നാണ് പൊലീസ് തൃപ്തി ദേശായിയോട് പറഞ്ഞത്. വിമാനത്താവളത്തിൽ നിന്ന് ശബരിമല വരെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകാൻ കഴിയില്ല. അതിന് വാഹനങ്ങൾ സ്വന്തമായി സജ്ജീകരിക്കണമെന്ന് തൃപ്തി ദേശായിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ശബരിമല വരെ പൊലീസ് സംരക്ഷണത്തിൽ എത്തിയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരു നീക്കവും തൃപ്തി ദേശായി നടത്തി. എന്നാൽ ചർച്ചകൾക്കൊടുവിൽ ഇന്ന് ഹൈക്കോടതിയിലെ ഫയലിംഗ് സമയം അവസാനിച്ചതിനാൽ നിയമനടപടികളിലേക്ക് നീങ്ങാനുള്ള നീക്കം തൃപ്തി ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് ഹർജി ഫയൽ ചെയ്യാൻ കഴിഞ്ഞാലും നാളെ ശനിയാഴ്ചയായതിനാൽ പിന്നീട് തിങ്കളാഴ്ച മാത്രമേ ഹർജി ഹൈക്കോടതി പരിഗണിക്കൂ എന്ന കാര്യം കൂടി കണക്കിലെടുത്താണ് തൃപ്തി മടങ്ങാൻ തീരുമാനിച്ചത്.
എത്തിയത് പുലർച്ചെ; പിന്നീട് നാടകീയതയുടെ മണിക്കൂറുകൾ
ഇന്ന് രാവിലെ നാല് മണിയോടുകൂടിയാണ് ഇന്‍റിഗോ വിമാനത്തില്‍ തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതേസമയം തന്നെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് സംഘടിച്ചിരുന്നു.
എന്നാല്‍ തൃപ്തിയെ മടക്കി അയക്കാതെ പ്രതിഷേധം നിര്‍ത്തില്ലെന്ന നിലപാടിൽ പ്രതിഷേധക്കാര്‍ ഉറച്ചു നിന്നു. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പല തവണ തൃപ്തി ദേശായി തന്‍റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും എന്നാല്‍ കൊച്ചിയില്‍ പോലും തന്‍റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ തന്നെ അക്രമിക്കാന്‍ വരുന്നതിനാല്‍ വിമാനത്താവളത്തില്‍ തന്നെ നില്‍ക്കുകയാണ്. എന്നാല്‍ ശബരിമലയില്‍ ദര്‍ശനം നടത്താതെ താന്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകില്ലെന്നും അവര്‍ നെടുമ്പാശേരി വിമാത്താവളത്തില്‍ നിന്നുള്ള തന്‍റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
പൊലീസും സർക്കാരും പല തവണ ചർച്ച നടത്തി
പ്രതിഷേധത്തെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി സംസ്ഥാന സർക്കാറിന് വേണ്ടി ആലുവ തഹസിൽദാര്‍ ചര്‍ച്ച നടത്തി. എന്നാല്‍ ശബരിമല ദർശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ലെന്ന ഉറച്ച നിലപാടിൽ തൃപ്തി ദേശായി തുടർന്നതോടെ സിയാൽ അധികൃതർ പൊലീസിനെ സമീപിച്ചു.
തൃപ്തിക്കെതിരായ പ്രതിഷേധം സിയാലിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന ആശങ്ക ഇവര്‍ പോലീസിനെ അറിയിച്ചു. പ്രശ്നത്തില്‍ എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സിയാൽ പോലീസിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് അന്തിമ തീരുമാനം പെട്ടെന്ന് എടുക്കണമെന്ന് തൃപ്തിയോട് പൊലീസ് ആവശ്യപ്പെട്ടത്.
Read More: ആരാണീ തൃപ്തി ദേശായി? അവർക്ക് പ്രത്യേക അജണ്ടയുണ്ടോ?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam