തൃശൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ്; സി.പി.എം - സി.പി.ഐ പോര്  രൂക്ഷം

web desk |  
Published : Mar 23, 2018, 04:41 PM ISTUpdated : Jun 08, 2018, 05:45 PM IST
തൃശൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ്; സി.പി.എം - സി.പി.ഐ പോര്  രൂക്ഷം

Synopsis

പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം രൂക്ഷം

 

 

തൃശൂര്‍: പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷനില്‍ സി.പി.എം - സി.പി.ഐ പോര്. സി.പി.ഐ പ്രതിനിധി ഡെപ്യൂട്ടി മേയര്‍ ബീന മുരളി അധ്യക്ഷയായ ധനകാര്യ കമ്മിറ്റിയെ നോക്കുകുത്തിയാക്കി ബജറ്റ് തയ്യാറാക്കാനുള്ള സി.പി.എമ്മിന്റെ നീക്കമാണ് തര്‍ക്കത്തിനാധാരം. ബജറ്റ് തയ്യാറാക്കേണ്ടത് ധനകാര്യ കമ്മിറ്റിയാണ്. എന്നാല്‍ സമ്പൂര്‍ണമായും സി.പി.എം നേതൃത്വത്തിന്റേതായ ഒരു ബജറ്റിനാണ് ശ്രമം. ഇതിന് സിപിഐ വഴങ്ങുന്നില്ലെന്നത് ഭരണത്തെ പോലും പിടിച്ചുലയ്ക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ ബജറ്റ് ചര്‍ച്ചക്കായി സി.പി.ഐ നേതാക്കള്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, അത്തരമൊരു ചര്‍ച്ച വേണ്ടെന്ന് സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ചതോടെയാണ് ഭിന്നത ശക്തമായത്. ഡെപ്യൂട്ടി മേയര്‍ക്ക് ധനകാര്യ കമ്മിറ്റിക്കെതിരെ സി.പി.എം ദുഷ്പ്രചരണം നടത്തുന്നതായും സി.പി.ഐ ആരോപിക്കുന്നു.
ബജറ്റ് തയ്യാറാക്കല്‍ ഒന്നുമായില്ലെന്ന് ആരോപണമുയര്‍ത്തിയായിരുന്നു ഇന്നലെ എല്‍.ഡി.എഫ് യോഗം വിളിച്ചത്. ബജറ്റ് യോഗത്തില്‍ അവതരിപ്പിക്കണമെന്ന ആവശ്യത്തെ യോഗത്തില്‍ ബീന മുരളി ചോദ്യം ചെയ്തു. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ബജറ്റ് എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചക്ക് വച്ചിട്ടില്ലെന്നും ഈ വര്‍ഷം മാത്രം ചര്‍ച്ച വേണമെന്ന ആവശ്യം ദുരുദ്ദേശപരമാണെന്നും ബീന മുരളി തുറന്നടിച്ചു. 

അതേ സമയം ബീന മുരളി അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങളോട് മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി അസംതൃപ്തി രേഖപ്പെടുത്തി. പിന്നീട് മേയര്‍ ഉള്‍പ്പെടെ സംഘവുമായി ബജറ്റ് ചര്‍ച്ചക്കൊരുങ്ങി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരുമായും ധനകാര്യകമ്മിറ്റി പലതവണ ചര്‍ച്ച നടത്തിയെന്നും ബജറ്റ് സമയത്ത് അവതരിപ്പിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിനാണ് ധനാകര്യ കമ്മിറ്റിയില്‍ മൃഗീയ ഭൂരിപക്ഷം. അഞ്ചംഗങ്ങളില്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി മാത്രമാണ് എല്‍.ഡി.എഫില്‍ നിന്നുള്ളത്. കോണ്‍ഗ്രസിലെ മുന്‍ മേയര്‍ രാജന്‍ പല്ലന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.സുബി ബാബു, ജോര്‍ജ് ചാണ്ടി, ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.എസ് സമ്പൂര്‍ണ്ണ തുടങ്ങി സഭയിലെ മുതിര്‍ന്നവരും സുപ്രധാനികളുമാണ് മറ്റംഗങ്ങള്‍. 
ഡെപ്യൂട്ടി മേയര്‍ സ്ഥാനമൊഴിഞ്ഞ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ഒഴിവുള്ള സ്ഥാനം എന്നനിലയില്‍ സ്വാഭാവികമായി ധനകാര്യ കമ്മിറ്റിയില്‍ അംഗമാണെങ്കിലും സ്ഥാനമൊഴിഞ്ഞ ശേഷം കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം ധനകാര്യ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാറില്ല. മുഴുവന്‍ കൗണ്‍സിലര്‍മാരും ഏതെങ്കിലുമൊരു സ്ഥിരം സമിതിയില്‍ അംഗമാകണമെന്നാണ് ചട്ട വ്യവസ്ഥ. മുന്‍കാലങ്ങളിലെല്ലാം സ്ഥാനമൊഴിഞ്ഞ ഡെപ്യൂട്ടി മേയര്‍മാര്‍ സ്വാഭാവികമായി ധനകാര്യകമ്മിറ്റിയംഗമായി തുടരുന്നതാണ് ചരിത്രം.

ധനകാര്യകമ്മിറ്റിയെ നോക്കുകുത്തിയാക്കി മേയര്‍ ബജറ്റ് ചര്‍ച്ചായോഗം വിളിച്ചുകൂട്ടിയതാണ് സി.പി.എം - സി.പി.ഐ പോരിന് തുടക്കം. ഇലക്ട്രിസിറ്റി ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മേയര്‍ യോഗം വിളിച്ചത്. സി.ഐ.ടി.യു യൂണിയന്‍ നല്‍കിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു യൂണിയന്‍ നേതാക്കള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പുറമെ ഡെപ്യൂട്ടിമേയറേയും ബജറ്റുമായി ബന്ധമില്ലെങ്കിലും ജില്ലാ പ്ലാനിങ്ങ് സമിതി അംഗമെന്ന നിലയില്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയേയും മേയര്‍ ഔദ്യോഗികമായി തന്നെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. 

അതേസമയം വൈദ്യുതി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.പി ശ്രീനിവാസനെ വിളിച്ചിരുന്നില്ല. ശ്രീനിവാസനും സി.പി.എം ഭരണനേതൃത്വവുമായി നിലനില്‍ക്കുന്ന ഭിന്നതയെ തുടര്‍ന്നാണ്. ഒഴിവാക്കലെന്ന് പറയുന്നു. ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഡെപ്യൂട്ടി മേയര്‍, വിളിച്ച് കൂട്ടേണ്ട യോഗം അതിന് മുകളില്‍ മേയര്‍ വിളിച്ചുകൂട്ടിയത് ധനകാര്യ കമ്മിറ്റിയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നാണ് ബീന മുരളിയുടെ നിലപാട്. പിന്നീടൊരിക്കലും മേയര്‍ ബജറ്റ് ചര്‍ച്ചക്ക് തുടര്‍ യോഗങ്ങള്‍ വിളിച്ചതുമില്ല.
കൗണ്‍സിലിനേയും സ്റ്റീയറിംഗ് കമ്മിറ്റിയേയും സ്റ്റാന്റിംഗ് കമ്മിറ്റികളേയും നോക്കുകുത്തിയാക്കി മേയറും കൂട്ടരും ജനാധിപത്യ വിരുദ്ധമായി ഭരണം നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷത്ത് മാത്രമല്ല എല്‍.ഡി.എഫ് ഘടകക്ഷികളിലും ശക്തമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതം: എം വി ​ഗോവിന്ദൻ
ക്രിസ്മസും പുതുവർഷവും ലക്ഷ്യം വെച്ച് എംഡിഎംഎ വിൽപ്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ