
തൃശൂര്‍: തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയെ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിന് പദ്ധതിയൊരുങ്ങുന്നു. ഇതിനുള്ള മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കാന്‍ ഇന്‍ക്കെന്‍ എന്ന സര്‍ക്കാര്‍ എജന്‍സിയെ ഏല്‍പ്പിച്ചതായി തൃശൂർ എംഎൽഎ കൂടിയായ കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. 135 കോടി രൂപയോളം കിഫ്ബി മുഖാന്തരം ചിലവഴിച്ചായിരിക്കും ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുക. ഇതിനു പുറമെ, നിലവിലെ ആശുപത്രിയുടെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ഡയാലിസിസ് സെന്ററിലേക്കാവശ്യമായ 12 ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപയും ഗൈനക്കോളജി വിഭാഗത്തിലെ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 14 ലക്ഷം രൂപയും സര്‍ജറി വിഭാഗത്തിലെ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപയും അസ്ഥിരോഗ വിഭാഗത്തിലെ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 15 ലക്ഷം രൂപയും അനസ്‌തേഷ്യ വിഭാഗത്തിലെ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 18 ലക്ഷം രൂപയും മറ്റെല്ലാം വിഭാഗത്തിലെ ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനായി ഈ മാസം തന്നെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കും.
ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും തസ്തികകള്‍ ക്രമീകരിച്ച് ജില്ലാ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം ഇവിടെ നിന്ന് മുളങ്ങുന്നത്തുകാവിലേക്ക് മാറ്റിയതോടെ ജില്ലാ പഞ്ചായത്തിൻറെ നിയന്ത്രണത്തിലുള്ള ജില്ലാ ആശുപത്രിയായി മാറുകയായിരുന്നു. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ജനറൽ ആശുപത്രിയായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലാ പഞ്ചായത്തിൻറെ ഇടപെടൽ കൂടി നഷ്ടമായി. ഇടത് സർക്കാരെത്തിയതോടെയാണ് തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ ഭരണ സമിതിക്ക് ഉടമസ്ഥാവകാശം നൽകി ആശുപത്രി അനാഥാവസ്ഥയിൽ നിന്ന് കരകയറ്റിയത്. എങ്കിലും പുതിയ തസ്തികകളും നിയമനങ്ങളും പൂർത്തിയാകാത്തത് ആശുപത്രി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. കോർപ്പറേഷനൊപ്പം സ്ഥലം എംഎൽഎയുടെ കൈത്താങ്ങുകൂടിയാകുമ്പോൾ സ്ഥല സൗകര്യമുണ്ടായിട്ടും നഷ്ടപ്പെട്ടുകൊണ്ടിരുന്ന പ്രതാപം വീണ്ടെടുക്കാൻ തൃശൂർ ജനറൽ ആശുപത്രിക്കാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam