കണ്ടാലുടന്‍ കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ട  നരഭോജി കടുവയെ ഒടുവില്‍ വെടിവെച്ചുകൊന്നു

By Web TeamFirst Published Nov 3, 2018, 12:16 PM IST
Highlights

മൂന്ന് മാസമായി വനംവകുപ്പ് നടത്തുന്ന കാടിളക്കിയുള്ള വേട്ടയാടലിനിടെ, മഹാരാഷ്ട്രയില്‍ രണ്ട് വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന നരഭോജി കടുവ അവനിയെ വെടിവെച്ചു കൊന്നു.

മുംബൈ: മൂന്ന് മാസമായി വനംവകുപ്പ് നടത്തുന്ന കാടിളക്കിയുള്ള വേട്ടയാടലിനിടെ, മഹാരാഷ്ട്രയില്‍ രണ്ട് വര്‍ഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന നരഭോജി കടുവ അവനിയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി യവത്മാല്‍ മേഖലയില്‍ വെച്ചാണ് അവനിയെ വെടിവെച്ചു കൊന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബറില്‍ അവനിയെ വെടിവച്ച് കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉപദ്രവകാരിയായ നരഭോജി കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു ഉത്തരവ്. പ്രശസ്ത കടുവാപിടിത്തക്കാരന്‍ ഷാഫത്ത് അലി ഖാന്റെ പുത്രന്‍ അസ്ഗര്‍ അലിയാണ് കടുവയെ വെടിവെച്ചുകൊന്നത്. 
 
ടി വണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന അവനിയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് മാസമായി അധികൃതര്‍ കാടിളക്കി അന്വേഷണം നടത്തുകയായിരുന്നു. ടിപ്പേശ്വര്‍ കടുവാ സങ്കേതത്തിന് സമീപം ട്രാപ് ക്യാമറകള്‍, ഡ്രോണുകള്‍, ഗ്ലൈഡറുകള്‍, തെര്‍മല്‍ ഇമേജിങ് സംവിധാനമുള്ള ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയത്. ഇതുകൂടാതെ പരിശീലനം ലഭിച്ച നായകള്‍, 150 ഏറ്റുമുട്ടല്‍ വിദഗ്ധര്‍, ആനകള്‍ എന്നിവയും അന്വേഷണത്തിനായി ഉപയോഗിച്ചിരുന്നു.  അതിനിടെയാണ് കടുവയെ വെടിവെച്ചുകൊന്നത്. 

2012ലാണ് അവനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യമായി പുറത്തുവരുന്നത്. യവത്മാല്‍ വന മേഖലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 13 പേര്‍ കൊല്ലപ്പെട്ടതോടെ നരഭോജി കടുവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നു. 

നരഭോജിക്കടുവയുടെ ആക്രമണത്തെ രൂക്ഷമായതോയെയാണ് കഴിഞ്ഞമാസം കടുവയെ കൊല്ലാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍  പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് അവനിയെന്നും അതുകൊണ്ട് കടുവയെ കൊല്ലാതെ ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവര്‍ത്തകന്‍ ജെറി എ ബനൈറ്റ് സെപ്തംബര്‍ 11ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി നിരാകരിച്ച സുപ്രീം കോടതി കടുവയെ കാണുന്ന മാത്രയില്‍ വെടിവെച്ചു കൊല്ലാന്‍  ഉത്തരവിടുകയായിരുന്നു.

click me!