ടൈം മാഗസിന്റെ പേഴ്‌സണ്‍  ഓഫ് ദി ഇയര്‍ ട്രംപ് അല്ല, പുരസ്‌കാരം 'സൈലന്‍സ് ബ്രേക്കേഴ്‌സി'ന്

By Web deskFirst Published Dec 6, 2017, 10:46 PM IST
Highlights

ന്യൂയോര്‍ക്ക്: വിവാദങ്ങള്‍ക്കൊടൂവില്‍ ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പേഴ്‌സണ്‍  ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും തുറന്ന് പറഞ്ഞ മി റ്റൂ ക്യാംപയിന് പിന്നില്‍  പ്രവര്‍ത്തിച്ച സൈലന്‍സ് ബ്രേക്കേഴ്‌സിനാണ് ഇത്തവണത്തെ പുരസ്‌കാരം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍  ലോകമെമ്പാടും വലിയ സ്വാധീനമുണ്ടാക്കിയ ക്യാമ്പയിന്‍ ആയിരുന്നു സൈലന്‍സ്  ബ്രേക്കേഴ്‌സിന്റേത് എന്നും ടൈം മാഗസിന്‍ വിലയിരുത്തി. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് എന്നിവരെ പിന്തള്ളിയാണ് സെലന്‍സ് ബ്രേക്കേഴ്‌സ് അംഗീകാരം. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്‌റ്റൈനിന്റെ ലൈംഗികഅതിക്രമങ്ങള്‍ ആദ്യമായി തുറന്ന് പറഞ്ഞ  നടി ആഷ്‌ലി ജൂഡ്, പോപ്പ് ഗായിക ടൈലര്‍ സ്വിഫ്റ്റ്,  ഊബര്‍ സിഇഒക്കെതിരെ ആക്ഷേപം ഉന്നയിച്ച  ഊബറിലെ എന്‍ജിനീയര്‍ സൂസന്‍ ഫോവ്‌ലര്‍, തുടങ്ങി 5 പേരുടെ ചിത്രമണ് ടൈം മാഗസിന്‍ കവര്‍ പേജില്‍  ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇതിനിടെ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നിരസിച്ചതായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് വിവാദമായിരുന്നു. പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത തനിയ്ക്കാണെന്ന് അറിയിക്കാന്‍ ടൈം മാഗസിന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അത് താന്‍ നിരസിച്ചുവെന്നുമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും താന്‍ സമ്മതിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത് നിരസിക്കുകയായിരുന്നുവെന്നുമായിരുന്നു ട്വീറ്റ്. 
 
എന്നാല്‍ ട്രംപിന്റെ ട്വീറ്റിനെ തള്ളി ടൈം മാഗസിന്‍ തന്നെ രംഗത്തെത്തുകയായിരുന്നു. ട്രംപ് നല്‍കിയത് തെറ്റായ വിവരമാണെന്ന് മാഗസിന്‍ ചീഫ് കണ്ടന്റ് ഓഫീസര്‍  അലന്‍ മുറെ ട്വീറ്റ് ചെയ്തു. ട്രംപിന്റെ ട്വീറ്റ് തന്നെ അമ്പരപ്പിച്ചുവെന്നും അത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

click me!