അതുകൊണ്ട് ആണ് നേരിട്ട് ബിജെപിയിൽ ചേരാത്തത്. താൻ 70 ശതമാനം ബിജെപിക്കാരനാണ്. ചില വിഷയങ്ങളിൽ യോജിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ആണ് ട്വന്റി ട്വന്റി തിരഞ്ഞെടുത്തതെന്നും കോൺഗ്രസുകാർ പല വേദികളിലും തന്നെ സംഘി എന്ന് പറഞ്ഞു കളിയാക്കിയെന്നും അഖിൽ മാരാർ

കൊച്ചി: പൂർണമായും ബിജെപിയുമായി യോജിക്കാൻ കഴിയാത്തതിനാലാണ് താൻ നേരിട്ട് ബിജെപിയിലേക്ക് പോകാത്തതെന്ന് ബി​ഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. കോൺഗ്രസ് നേതാക്കൾ തന്നോട് സീറ്റ് ചർച്ച നടത്തിയതിനു തെളിവുണ്ടെന്നും അഖിൽ മാരാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഐഷ പോറ്റിക്കെതിരെ ഗുരുതര ആരോപണവും അഖിൽ മാരാർ ഉന്നയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ട്വന്റി ട്വന്റി പാർട്ടി പ്രവേശനത്തിനു പിന്നാലെയാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ അഖിൽ മാരാരുമായി സംസാരിച്ചത്. നേരിട്ട് ബിജെപിയുടെ ഭാഗമാകാതെ എന്തിന് ട്വന്റി ട്വന്റിയിൽ പ്രവേശിച്ചു എന്നായിരുന്നു പ്രധാന ചോദ്യം. ഉത്തരം ഇങ്ങനെയായിരുന്നു. അഖിൽ മാരാർ കോൺഗ്രസുകാർ പല വേദികളിലും തന്നെ സംഘി എന്ന് വിളിച്ചു കളിയാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ്‌ ചെന്നിത്തലയുമായെല്ലാം നല്ല ബന്ധം ആണ്. നേതാക്കളുമായി സീറ്റ് ചർച്ച നടത്തിയിരുന്നു. താൻ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പറഞ്ഞുവെന്നും അഖിൽ മാരാർ പറഞ്ഞു.

അഖിൽ മാരാർക്ക് നിലപാട് ഉണ്ടോ എന്ന ചോദ്യത്തിനു ഐഷ പോറ്റിയെ ഉന്നം വച്ചായിരുന്നു അഖിൽ മാരാരുടെ മറുപടി. എൻഡിഎയുടെ ഭാഗമായി കൊട്ടാരക്കരയിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അഖിൽ മാരാർ. സീറ്റ് ചർച്ചകൾ നടക്കുന്നതായി അഖിൽ സൂചിപ്പിച്ചു. പരാജയപ്പെട്ടാലും താൻ മത്സരിക്കുമെന്നും വെല്ലുവിളികൾ ഏറ്റെടുക്കാനെന്നും തനിക്ക് ഇഷ്ടമാണെന്നും പറഞ്ഞാണ് അഖിൽ നിർത്തിയത്.

താൻ എൻഡിഎയുടെ ഘടകക്ഷിയായ ട്വൻറി 20യിൽ ചേരുന്നതായി അഖിൽ മാരാർ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. സാബു എം ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ട്വൻറി 20യിലേക്ക് ഒരുപാട് പ്രഗത്ഭരായിട്ടുള്ളവർ കടന്നുവരുകയാണെന്നും അഖിൽ മാരാർ പാർട്ടിയുടെ ഭാഗമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ഭരണം മാറണം എന്ന നിലപാട് എടുത്തയാളാണെന്നും അതിനാലാണ് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തതെന്നും അഖിൽ മാരാർ പറഞ്ഞു.

ക്രാന്ത ദർശിയായ നേതാക്കൾ മുന്നോട്ടു വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ട്വന്റി 20. കിഴക്കമ്പലം വികസനത്തിന് മാതൃകയാണ്. ചേരാൻ ഏറ്റവും അനുയോജ്യമായ പാർട്ടിയാണ്. താൻ കോൺഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാൽ, അതുണ്ടായില്ല. സതീശനെ നിശിതമായി വിമർശിച്ചിട്ടുണ്ട്. പക്ഷേ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. ഒരു സ്ഥാനാർത്ഥി ചർച്ചയും യുഡിഎഫുമായി നടത്തിയിട്ടില്ല. കേരള സ്റ്റോറി -2 ട്രെയിലർ വിവാദത്തിൽ മറുപടി പറയേണ്ടത് എൻഡിഎ നേതൃത്വമാണെന്നും അഖിൽ മാരാർ പറഞ്ഞു.

അഖിൽ മാരാർ കൊല്ലം ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥിയായി കൊട്ടാരക്കരയിൽ മത്സരിക്കുമെന്നാണ് വിവരം. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാബു എം ജേക്കബിനൊപ്പം വാർത്താസമ്മേളനം നടത്തി മത്സരിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. അഖിൽ മാരാർ ഒരു കോൺ​ഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. യൂത്ത് കോൺ​ഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിൻറെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സർവ്വേകളുടെ അടിസ്ഥാനത്തിൽ അഖിൽ മാരാറിന്റെ കൊല്ലത്തുള്ള സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനായി ബിജെപിയും സമീപിച്ചിരുന്നു. ഇതിനിടെയാണ് വിഡി സതീശനെയടക്കം വിമർശിച്ചതിന് പിന്നാലെ അഖിൽ മാരാർ ട്വൻറി20യിൽ ചേരുന്നത്. 

YouTube video player