അണ്ണാ ഡിഎംകെ ലയനം; പ്രഖ്യാപനം രണ്ടു ദിവസത്തിനകം

By Web DeskFirst Published Aug 11, 2017, 6:12 PM IST
Highlights

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ എടപ്പാടി -പനീര്‍ശെല്‍വം പക്ഷങ്ങള്‍ തമ്മിലുള്ള ലയന പ്രഖ്യാപനം രണ്ട് ദിവസത്തിനകം നടന്നേക്കും. ദില്ലിയിലെത്തിയ ഇരുവിഭാഗങ്ങളിലെയും നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവുമായും കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയിലെ ചതിയന്‍ ദിനകരന്‍ തന്നെയെന്ന് എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചപ്പോള്‍, ദിനകരനെ പുറത്താക്കിക്കൊണ്ടുള്ള എംഎല്‍എമാരുടെ പ്രമേയം ഒപിഎസ് പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഹാജരാക്കി.

മണ്ണാര്‍ഗുഡി കുടുംബത്തെ പാര്‍ട്ടിയില്‍ നിന്ന് തുടച്ചുനീക്കി ഒന്നിച്ച് ആധിപത്യമുറപ്പിയ്‌ക്കാന്‍ ശ്രമിയ്‌ക്കുകയാണ് ഇപിഎസ്-ഒപിഎസ് പക്ഷങ്ങള്‍. ഓഗസ്റ്റ് 22 ന് അമിത് ഷാ ചെന്നൈയില്‍ സന്ദര്‍ശനത്തിനെത്തുന്നതിന് മുന്‍പേ ലയനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. എന്‍ഡിഎയിലെത്തിയാല്‍ സംയുക്ത അണ്ണാ ഡിഎംകെയ്‌ക്ക് രണ്ട് കേന്ദ്രമന്ത്രിപദവും സംസ്ഥാന മന്ത്രിസഭയില്‍ ഒപിഎസ്സിന് ഉപമുഖ്യമന്ത്രിസ്ഥാനവും അനുയായികള്‍ക്ക് രണ്ട് മന്ത്രിപദവികളുമാണ് വാഗ്ദാനം.

മറ്റ് എംഎല്‍എമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുകളില്‍ ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പടെ നല്‍കിയേക്കും. ലയന ചര്‍ച്ചകളുടെ തല്‍സ്ഥിതി ധരിപ്പിയ്‌ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എന്നിവരുമായി മുഖ്യമന്ത്രി എടപ്പാടിയും ഒപിഎസ്സും കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട് ഭവനില്‍ മടങ്ങിയെത്തിയ എടപ്പാടി ആദ്യമായി ദിനകരനെ പൊതുവേദിയില്‍ തള്ളിപ്പറഞ്ഞു.

തഞ്ചാവൂരില്‍ മാധ്യമങ്ങളെ കണ്ട ദിനകരന്‍റെ വാക്കുകളില്‍ പഴയ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ദിനകരനെ പുറത്താക്കിയ എംഎല്‍എമാരുടെ പ്രമേയം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഹാജരാക്കിയ ഒപിഎസ് പക്ഷത്തെ നേതാക്കള്‍ വീണ്ടും രണ്ടിലച്ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചു. പക്ഷഭേദമന്യേ എംപിമാരെല്ലാം ഒന്നിച്ചെത്തി വെങ്കയ്യനായിഡു ഒരുക്കിയ ചായസല്‍ക്കാരത്തിലും പങ്കെടുത്തു. ചെന്നൈയിലെത്തിയ ശേഷം ഇരുപക്ഷവും ഒന്നിച്ച് ചര്‍ച്ച നടത്തി ലയനപ്രഖ്യാപനം നടത്തുമെന്നാണ് കരുതപ്പെടുന്നത്.

click me!